ബാംഗ്ലൂരിലെ സ്കൂളില്‍ ആറു വയസുകാരിയെ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു

Webdunia
വ്യാഴം, 17 ജൂലൈ 2014 (15:34 IST)
കിഴക്കന്‍ ബാഗ്ളൂരിലെ പ്രശസ്തമായ ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ആറു വയസ്സുള്ള വിദ്യാര്‍ഥിനിയെ ജീവനക്കാര്‍ ബലാല്‍സംഗം ചെയ്തു. സ്കൂളിലെ രണ്ട് ജിം പരിശീലകരാണ് കൃത്യം ചെയ്തത്. തിങ്കളാഴ്ച ക്ളാസ് നടക്കുന്നതിനിടെയാണ് സംഭവം.
 
ഉച്ചക്ക് ഒരു മണിയോടെ അവശനിലയില്‍ വീട്ടിലെത്തിയ കുട്ടി അങ്കിളുമാര്‍ വന്ന് അവളെ എടുത്തു കൊണ്ടുപോയി മോശമായത് ചെയ്തു എന്ന് അമ്മയോട് വിവരിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ഉച്ചക്ക് 11 മണിയോടെ കുട്ടി ക്ലാസിനു പുറത്തിറങ്ങിയപ്പോഴാണ് സംഭവം നടന്നത്. 
 
സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് നിരവധി രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ പ്രതിഷേധവുമായെത്തിയെങ്കിലും പ്രതികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ ഒരു നടപടിയും എടുക്കാന്‍ തയാറായിട്ടില്ല. 
 
സ്കൂള്‍ കെട്ടിടത്തിനകത്തു വെച്ച് തന്നെയാണ് പീഡനം നടന്നതെന്ന് ബാംഗ്ളൂര്‍ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. എന്നാല്‍, ഇതിനകം തിരിച്ചറിഞ്ഞിട്ടില്ലാത്ത പ്രതികള്‍ക്കെതിരെ കുട്ടികളുടെ മേലുള്ള ലൈംഗികാതിക്രമത്തിന് സെക്ഷന്‍ നാലു പ്രകാരം കേസ് എടുക്കുക മാത്രമാണ് പൊലീസ് ചെയ്തത്.