വിഘടനവാദി നേതാവ് മസറത് ആലത്തെ മോചിപ്പിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദ് വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്ന് ആരോപിച്ചുകൊണ്ട് ശിവസേന രംഗത്ത്. കാശ്മീരിലെ വിഘടനവാദികള്‍ക്ക് ഒരു ഗോഡ്ഫാദറിനെ ലഭിച്ചെന്നും അത് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചെന്നും സേന ആരോപിച്ചു. കൂടാതെ സയിദിനെ അറസ്റ്റ് ചെയ്യണമെന്നും സേന ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലൂടെ സേന രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
'കാശ്മീരില്‍ നടക്കുന്നതെല്ലാം രാജ്യത്തിന്റെ താല്‍പര്യ പ്രകാരമല്ല നടക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്തോളൂ എന്നാല്‍ ഇന്ത്യയെ പ്രശ്നത്തിലാക്കരുത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭാഗമാകരുത്. മസ്രത്ത് ആലത്തെപോലുള്ള വിഘടനവാദികളെ മോചിപ്പിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്നതിന് തുല്യമാണ്. അതിനാല്‍ മുഫ്തി സെയിദിനെ അറസ്റ്റ് ചെയ്ത് അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസെടുക്കണം' - മുഖപ്രസംഗം പറയുന്നു.