മറാത്ത മണ്ണ് പിടിക്കാന്‍ ബിജെപിയുടെ പുതിയ തന്ത്രം; പേര് മുലുഖ് മൈതാന്‍

Webdunia
ബുധന്‍, 1 ഒക്‌ടോബര്‍ 2014 (11:20 IST)
മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കരുത്തു തെളിയിച്ച് എതിരാളികളെ മലര്‍ത്തി അടിക്കാന്‍ ബിജെപി പുതിയ രാഷ്ട്രീയ തന്ത്രം മെനഞ്ഞെടുത്തു. മഹാരാഷ്ട്രാ നിയമസഭ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ച ബിജെപി മുഴുവന്‍ മണ്ഡലങ്ങളിലും വ്യാപകമായ പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. തങ്ങളുടെ പുതിയ അജണ്ടകള്‍ക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്ന പേര് മുലുഖ് മൈതാന്‍ എന്നാണ്.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന് എതിരായുള്ള യുദ്ധത്തില്‍ ബീജാപൂര്‍കോട്ട സംരക്ഷിക്കാന്‍ ബീജാപൂര്‍ സുല്‍ത്താനായിരുന്ന അദില്‍ഷാ ഉപയോഗിച്ച വന്‍പീരങ്കിയാണ് മുലുഖ് മൈതാന്‍. ഇതേ പോലെ തെരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളിക്ല്ക്കു മുന്നില്‍ ബിജെപി പീരങ്കിയാകുമെന്ന വ്യക്തമായ സന്ദേശമാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്.

അതേസമയം മഹാരാഷ്ട്രയിലെ പഴയ കൂട്ടുകാരനായ ശിവസേനയ്ക്കെതിരേ ഇതേവരെ ബിജെപി ശബ്ദിച്ചിട്ടില്ല. സേന ഏത്ര കഠോരമായി ആരോപണങ്ങള്‍ ഉന്നയിച്ചാലും തിരിച്ചൊന്നും പറയാതിരിക്കുകയാണ് ബിജെപി ചെയ്യുന്നത്. മറാത്ത വികാരം ഇപ്പോഴും സേനയോടൊപ്പം ഉണ്ടെന്നതിനാലാണ് ബിജെപി തന്ത്രപരമായ മൌനം പാലിക്കുന്നത്.

ശിവസേനയുടെ ശക്തി കേന്ദ്രങ്ങളായ മുംബൈ, താനെ, കൊങ്കണ്‍ മേഖലകളില്‍ ശക്തമായ പ്രചാരണത്തിനിറങ്ങുമ്പോഴും പഴയ സഖ്യകക്ഷിയെക്കുറിച്ച് നിശബ്ദത പാലിക്കുമെന്നാണ് ബിജെപിയുടെ നിലപാട്. അതേപോലെ ബിജെപിയുമായി പല നഗര സഭകളിലുമുള്ള സഖ്യം സെനയും ഉപേക്ഷിച്ചിട്ടില്ല.

ബിജെപിയുമായുള്ള സമീപനത്തില്‍ അയവ് വരുത്തുന്നതിന്റെ ഭഗമായി സേനയുടെ ഏക കേന്ദ്ര മന്ത്രിയുടെ രാജി തല്‍ക്കാലത്തേക്ക് മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിയോലോചന നടത്തിയ ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്ന് സേന തലവന്‍ ഉദ്ദവ് താക്കറെ അറിയിച്ചിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.