സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് അദ്ദേഹം. വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം യെച്ചൂരിയെ ചികിത്സിച്ചുവരികയാണ്. യെച്ചൂരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
ഡല്‍ഹിയിലുള്ള പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യെച്ചൂരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യെച്ചൂരിയെ സന്ദര്‍ശിക്കാനായി ഇന്ന് വൈകിട്ട് എം.വി.ഗോവിന്ദന്‍ ഡല്‍ഹിക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹിയിലുള്ള സിപിഎം നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കൃത്രിമ ശ്വസന സംവിധാനത്തിന്റെ സഹായത്തോടെയാണ് യെച്ചൂരിയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഓഗസ്റ്റ് 19 നാണ് യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.