സിയാചിനിലെ മഞ്ഞിടിച്ചില്‍‍: കാണാതായ പത്ത് സൈനികരും മരിച്ചതായി സ്ഥിരീകരണം

Webdunia
വെള്ളി, 5 ഫെബ്രുവരി 2016 (08:42 IST)
കഴിഞ്ഞദിവസം സിയാചിനില്‍ കനത്ത മഞ്ഞിടിച്ചിലില്‍ പെട്ട പത്തു സൈനികരും മരിച്ചതായി സ്ഥിരീകരണം. വിവിധ സൈനികവിഭാഗങ്ങള്‍ വ്യാഴാഴ്ച ഉച്ചവരെ നടത്തിയ തിരച്ചിലിനു ശേഷമാണ് മരണം സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് മരണവിവരം പുറത്തുവിട്ടത്.
 
മഞ്ഞിടിച്ചിലില്‍പ്പെട്ട് സൈനികര്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. കഴിഞ്ഞദിവസം ഉണ്ടായ മഞ്ഞിടിച്ചില്‍ സമുദ്രനിരപ്പില്‍ നിന്ന് 19, 600 അടി ഉയരത്തിലായിരുന്നു. മഞ്ഞിടിച്ചില്‍ ഉണ്ടായ സമയത്ത് ഈ ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പ്പെട്ടത്.
 
മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് സൈനികര്‍ മേഖലയില്‍ ഒറ്റപ്പെട്ട് കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞമാസം മഞ്ഞിടിച്ചിലില്‍ സിയാചിന്‍ മേഖലയില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.