അമ്മയെ കണ്ട് മകള്‍ പൊട്ടിക്കരഞ്ഞു; കോടതിയില്‍ ഇന്ദ്രാണി ബോധംകെട്ട് വീണു

Webdunia
തിങ്കള്‍, 31 ഓഗസ്റ്റ് 2015 (17:09 IST)
ഷീന ബോറക്കേസില്‍ അറസ്റ്റിലായ ഇന്ദ്രാണി മുഖര്‍ജിയെ കോടതിയില്‍ ഹാജരാക്കി. ഇന്ദ്രാണിയുടെയും മറ്റ് രണ്ട് പ്രതികളുടെയും കസ്റ്റഡി കാലാവധി സെപ്‌തംബര്‍ അഞ്ചു വരെ നീട്ടി. ഇന്ദ്രാണിയെ ഹാജരാക്കിയ സമയത്ത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ ആയിരുന്നു അരങ്ങേറിയത്. 
 
കൊലക്കേസിന് കേസ് രജിസ്റ്റര്‍ ചെയ്തതിനൊപ്പം വധശ്രമത്തിനും ഇന്ദ്രാണിക്കും മറ്റ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ, സഞ്ജീവ് ഖന്നയുടെ പാസ്പോര്‍ട് വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു. സെക്ഷന്‍ 328 ഐ പി സിയും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
 
കോടതിയില്‍ എത്തിയ ഇന്ദ്രാണി മുഖര്‍ജി തലകറങ്ങി വീണു. പക്ഷേ, ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അവര്‍ ബോധം വീണ്ടെടുത്തു. കോടതിമുറിയില്‍ ഇന്ദ്രാണിയുടെയും സഞ്ജീവ് ഖന്നയുടെയും മകള്‍ വിധിയും എത്തിയിരുന്നു. അമ്മയെ കണ്ടതും വിധി പൊട്ടിക്കരഞ്ഞു.
 
അതേസമയം, ഇന്ദ്രാണിയുമായി സ്വകാര്യമായി കാണുന്നതിന് അനുമതി നല്കിയില്ലെന്ന് ഇന്ദ്രാണിയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.