യെച്ചൂരി മണ്ടനല്ല, ലക്ഷ്യം ബിജെപി? ഇടഞ്ഞ് പിണറായിയും സംഘവും!

Webdunia
ഞായര്‍, 21 ജനുവരി 2018 (10:18 IST)
സിപിഎമ്മിൽ വൻ പ്രതിസന്ധി. സിപിഎം കോണ്‍ഗ്രസുമായി സഖ്യം ചേരണമെന്ന നിലപാടിലാണ് പാർട്ടി സെക്രട്ടറി സീതാറാം യെച്ചൂരി. ഇതുസംബന്ധിച്ച കരടുരേഖ യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ സമർപ്പിച്ചു. ഇന്നലെ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയിൽ അദ്ദേഹം തന്റെ നിലപാട് ന്യായയുക്തമാണെന്ന് വീറോടെ വാദിച്ചെങ്കിലും ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ അടക്കം മുപ്പതോളം പേർ മാത്രമേ അദ്ദേഹത്തെ പിന്തുണച്ചുള്ളു.
 
ഇന്നലെ സമർപ്പിച്ച ബദല്‍രേഖ നാളെ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വോട്ടെടുപ്പിനിടുമ്പോള്‍ പാര്‍ട്ടി അംഗീകരിക്കാനുള്ള സാധ്യതകള്‍ വിരളമാണ്. പൊതുപ്രശ്‌നങ്ങളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാമെങ്കിലും രാഷ്ട്രീയ ബന്ധമോ സഖ്യമോ പാടില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയിലെയും പോളിറ്റ് ബ്യൂറോയിലെയും ഭൂരിപക്ഷം പേരുടെയും നിലപാട്.  
 
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കേരള ഘടകവും യെച്ചൂരിക്കെതി‌രാണ്. 
ബിജെപി പകുതിയിലേറെ സംസ്ഥാനങ്ങൾ ഭരിക്കുകയും പാര്‍ട്ടി ശക്തിയായി വളരുകയും ചെയ്യുന്ന സാഹചര്യത്തിൽ  കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കണം എന്ന നിലപാടാണ് യെച്ചൂരിക്കും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സംസ്ഥാനങ്ങൾക്കും ഉള്ളത്.  
 
ഭരണം നഷ്ടമായ ബംഗാളിലും ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ത്രിപുരയിലും സിപിഎമ്മിനെതിരെ ശക്തമായ നീക്കങ്ങളാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തില്‍ ബിജെപി നടത്തുന്നത്. ജയിക്കുമെന്ന് ബിജെപി ആത്മവിശ്വാസം കാണിക്കുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ ബിജെപിയെ പോലെ ഒരു  ഫാസിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്നും താഴയിറക്കാനും പ്രതിരോധിക്കാനും കോണ്‍ഗ്രസുമായി കൈക്കോര്‍ക്കണം എന്നാണ് യെച്ചൂരി സ്വീകരിച്ചിട്ടുള്ള നിലപാട്.  
 
എന്നാല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലെ ഭൂരിപക്ഷവും ഈ നിലപാടിനെതിരാണ്. ബിജെപിയെ പോലെ തന്നെ അപകടകാരികളാണ് കോണ്‍ഗ്രസെന്നാണ് പ്രകാശ് കാരാട്ടും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും വാദിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കുന്നത് കേരളത്തില്‍ ബിജെപി ആയുധമാക്കും എന്നതിനാല്‍ കേരളഘടകവും പ്രകാശ് കാരാട്ടിനൊപ്പം ഉറച്ചു നില്‍ക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article