പാര്‍ലമെന്റില്‍ വന്‍ സുരക്ഷാവീഴ്ച, സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയവര്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചു

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (14:18 IST)
പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ച. ലോക്‌സഭാ നടപടികള്‍ നടക്കുന്നതിനിടെ സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടി രണ്ടുപേര്‍ സ്‌പ്രേ പ്രയോഗിക്കുകയായിരുന്നു. ഇവര്‍ എം പിമാരുടെ ഇരിപ്പിടത്തിന് മുന്നിലുള്ള മേശയില്‍ കയറികൊണ്ട് മുദ്രാവാക്യം വിളിക്കുകയും ഷൂവിനുള്ളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്‌പ്രേ ഉപയോഗിക്കുകയുമായിരുന്നു. ടിയര്‍ ഗ്യാസായിരുന്നു ക്യാനിലുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
ലോക്‌സഭയില്‍ ശൂന്യവേള നടക്കുന്നതിനിടെയായിരുന്നു സംഭവം. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കര്‍ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഒരു യുവതിയടക്കം നാല് പേര്‍ കസ്റ്റഡിയിലാണെന്നാണ് റിപ്പോര്‍ട്ട്. എം പിമാര്‍ തന്നെയാണ് കുറ്റം ചെയ്തയാളെ പിടിച്ചുവെച്ചത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇവരെ കീഴ്‌പ്പെടുത്തി ലോക്‌സഭയ്ക്ക് പുറത്തേക്ക് കൊണ്ടുപോയി. ഈ സമയത്ത് ലോക്‌സഭയ്ക്ക് പുറത്തും രണ്ട് പേര്‍ മുദ്രാവാക്യം വിളിക്കുകയും സ്‌പ്രേ പ്രയോഗിക്കുവാനും ശ്രമിച്ചു. ഇവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ സ്‌റ്റേഷനിലേക്ക് മാറ്റി. ഇവരെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യും. ദിവസങ്ങള്‍ക്ക് മുന്‍പ് സിഖ് സംഘടനകള്‍ പാര്‍ലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article