സവര്‍ക്കാറാണ് തന്റെ മാതൃകാ പുരുഷനെന്ന് അമിത്‌ഷാ

Webdunia
ഞായര്‍, 27 സെപ്‌റ്റംബര്‍ 2015 (16:23 IST)
സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദുത്വ ആശയത്തിന്റെ വക്താവുമായിരുന്ന വിനായക ദാമോദര സവര്‍ക്കാറാണ് തന്റെ മാതൃകാപുരുഷനെന്ന് ബിജെപി അധ്യക്ഷന്‍ അമിത്‌ഷാ. തന്റെ പുതിയ ബ്ലോഗിലാണ് അമിത്ഷാ സവര്‍ക്കറീന്‍ പുകഴ്ത്തി എഴുതിയിരിക്കുന്നത്. ഒരേ ദേശം, ഒരേ സംസ്കാരം, ഒരേ ദേശീയത എന്ന മന്ത്രവുമായി ജീവിച്ച ഹിന്ദുത്വ നേതാവായിരുന്നു സവര്‍ക്കര്‍ എന്ന അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.

സമാനതകളില്ലാത്ത സ്വാതന്ത്ര്യസമര സേനാനിയും ദേശസ്നേഹിയും, എഴുത്തുകാരനും ഹിന്ദു സംസ്കാരത്തിന്റെ വക്താവുമായിരുന്നു സവര്‍ക്കര്‍ എന്ന ബ്ലോഗില്‍ അദ്ദേഹം എഴുതി. സ്വതന്ത്ര ഇന്ത്യയിലെ ഭരണകര്‍ത്താക്കാള്‍ രാഷ്ട്ര നിര്‍മ്മിതിയില്‍ സവര്‍ക്കറുടെ ആശയങ്ങള്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ പല പ്രതിസന്ധികളില്‍ നിന്നും ഇന്ത്യയ്ക്ക് രക്ഷപ്പെടാമായിരുന്നു എന്ന് അമിത്ഷാ അഭിപ്രായപ്പെടുന്നു.

എല്ലാ മതക്കാര്‍ക്കും തുല്യ നീതി ലഭ്യമാകുന്ന ജനാധിപത്യ ഇന്ത്യയിലാണ് സവര്‍ക്കര്‍ വിശ്വസിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ സവര്‍ക്കാര്‍ നേരിട്ട പീഡനങ്ങള്‍ തന്നെ കരയിക്കാറുണ്ടെന്നും സവര്‍ക്കരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ഒത്തുചേരാനും അമിത്ഷാ ബ്ലോഗില്‍ അഭ്യര്‍ഥിക്കുന്നു. ബ്ലോഗ് സവര്‍ക്കര്‍ക്കായാണ് അമിത്ഷാ സമര്‍പ്പിച്ചിരിക്കുന്നത്.