ശശികലയെ എഡിഎംകെയില്‍ നിന്ന് പുറത്താക്കി; പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദിനകരന്റെ പ്രാഥമികാംഗത്വവും റദ്ദാക്കി

Webdunia
വെള്ളി, 17 ഫെബ്രുവരി 2017 (14:12 IST)
എ ഡി എം കെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍. പനീര്‍സെല്‍വം പക്ഷത്താണ് ഇ മധുസൂദനന്‍. കൂടാതെ ശശികലയുടെ അനന്തരവന്‍ ടി ടി വി ദിനകരനെയും എസ് വെങ്കടേഷിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
 
പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ടി ടി വി ദിനകരനെ നിയമിച്ച നടപടി നിയമ വിരുദ്ധമാണെന്നും ഇ മധുസൂദനന്‍ പറഞ്ഞു. ഭരണഘടന അനുസരിച്ച് അഞ്ചുവര്‍ഷം പാര്‍ട്ടി അംഗമായിരുന്ന ആളെ മാത്രമേ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കാന്‍ കഴിയൂ.
 
വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എടപ്പാടി കെ പളനിസാമി ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേരിടാനിരിക്കുകയാണ്. ഇതിനിടയിലാണ് പനീര്‍സെല്‍വം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയത്. ഇതിനിടെ, മൈലാപ്പൂര്‍ എം എല്‍ എ എം നടരാജന്‍ പനീര്‍സെല്‍വം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചു. വിശ്വാസവോട്ടെടുപ്പ് സമയത്ത് പളനിസാമിക്ക് അനുകൂലമായി അദ്ദേഹം വോട്ടു ചെയ്യില്ലെന്നാണ് സൂചന.
Next Article