ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിത. അമേഠിയിൽ മത്സരിക്കാൻ സരിത സമർപ്പിച്ച നാമനിർദേശ പത്രിക സ്വീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പത്രിക ഇന്നലെ സ്വീകരിച്ചില്ല. മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി വിദ്യാഭ്യാസ യോഗ്യതയെ സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്നാണ് രാഹുലിന്റെ പത്രിക സ്വീകരിക്കാതിരുന്നത്. രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നും ഇയാൾ ആരോപിക്കുന്നു. എന്നാൽ ഈ വിഷയങ്ങൾ ഉൾപ്പെടുത്തി പത്രികയുടെ സൂക്ഷ്മപരിശോധന 22 നു നടക്കും.
കേരളത്തിലെ സ്ത്രീകളോട് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്ന സമീപനം ജനങ്ങൾക്കു മുന്നിൽ തുറന്നുകാട്ടുന്നതിനാണ് രാഹുൽ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സരിത നേരത്തെ വ്യക്തമാക്കിയിരുന്നു.
എറണാകുളത്തും വയനാട്ടിലും മത്സരിക്കുവാൻ നേരത്തെ നാമനിർദേശ പത്രിക നൽകിയെങ്കിലും പത്രിക തള്ളപ്പെട്ടിരുന്നു. സോളാർ കേസുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിതയുടെ ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് പത്രികകൾ തള്ളിയത്.