ആ കേസിനും തെളിവില്ല: നിയമവിരുദ്ധമായി തോക്ക് കൈവശംവച്ച കേസില്‍ സല്‍മാന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി

Webdunia
ബുധന്‍, 18 ജനുവരി 2017 (12:19 IST)
നിയമവിരുദ്ധമായി തോക്ക് കൈവശംവച്ച കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന് കണ്ടാണ് നടനെ ജോധ്പൂർ സി.ജെ.എം കോടതി വെറുതെവിട്ടത്. കോടതിയുടെ നിർദേശ പ്രകാരം സൽമാൻ ഖാന്‍ നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.
 
1998 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോധ്പൂരിലെ കങ്കാണി ഗ്രാമത്തില്‍ 'ഹം സാഥ് സാഥ് ഹെ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിന് അനുബന്ധമായാണ് അനധികൃതമായി തോക്ക് കൈവശം വച്ചതിന് സൽമാനെതിരെ പൊലീസ് കേസെടുത്തത്. കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാത്ത തോക്ക് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
 
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസിൽ വിചാരണക്കോടതി ശിക്ഷിച്ച സല്‍മാന്‍ ഖാനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Next Article