400 കിലോമീറ്റര്‍ അകലെ വച്ച് ശത്രുവിമാനങ്ങളെ പൊളിച്ചടുക്കും, റഷ്യന്‍ ട്രയംഫ് എസ്-400 ഇന്ത്യ വാങ്ങാന്‍ പോകുന്നു

Webdunia
ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (18:40 IST)
റഷ്യയുമായി അതിനിര്‍ണായകമായേക്കാവുന്ന പ്രതിരോധ ഉടമ്പടിക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ പ്രതിരോധ കരുത്തിന്റെ ഹൃദയമായ പുതിയ തലമുറ എസ്-400 ട്രയംഫ് എന്ന മിസൈല്‍ പ്രതിരോധ കവചം വാങ്ങാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ബാലിസ്റ്റിക് മിസൈലുകളേയും, യുദ്ധ വിമാനങ്ങളേയും, ആളില്ലാ യുദ്ധ വിമാനങ്ങളേയും അതിര്‍ത്തി കടക്കുന്നതിനു മുമ്പേ 400 കിലോമീറ്ററുകള്‍ക്കപ്പുറത്തുവച്ചു തന്നെ തകര്‍ക്കാന്‍ ശേഷിയുള്ള പ്രതിരോധ കവചമാണ് എസ്-400 ട്രയംഫ്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡിഫന്‍സ് അക്വിസിഷന്‍ കൌണ്‍സില്‍ (ഡി‌എസി) മുമ്പാകെ ഇന്ത്യന്‍ വ്യോമ സേന ഇത്തരമൊരാവശ്യം മുന്നോട്ട് വച്ചുകഴിഞ്ഞു. ഏകദേശം 12 എസ്-400 ട്രയംഫ് എങ്കിലും വാങ്ങണമെന്ന നിര്‍ദ്ദേശമാണ് കൌണ്‍സില്‍ മുമ്പാകെ എത്തിയിരിക്കുന്നത്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അധ്യക്ഷനായ കൌണ്‍സിലിന്റെ സജീവ പരിഗണനയിലാണ് ഇപ്പോള്‍ നിര്‍ദ്ദേശം.

ഉടന്‍ തന്നെ നടക്കാന്‍ പോകുന്ന മോഡിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ ഈ ആയുധ കച്ചവടം കരാറായി തീരുമെന്നാണ് വാര്‍ത്തകള്‍ പറയുന്നത്. മോഡിയുടെ ഡിസംബറിലെ റഷ്യന്‍ സന്ദര്‍ശനത്തിനു മുന്നൊടിയായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ റഷ്യയില്‍ എത്തുന്നുണ്ട്. അപ്പോള്‍ ഈ ആയുധ കച്ചവടവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുമെന്നാണ് സൂചന.

മൂന്ന് ഘട്ടങ്ങളായാണ് എസ്-400 ട്രയംഫ് പ്രവര്‍ത്തിക്കുക. 120 മുതല്‍ 400 കിലോമീറ്റര്‍ വരെ ഇതിലെ പ്രതിരോധ മിസൈലുകള്‍ ലക്ഷ്യത്തിനടുത്തേക്ക് പാഞ്ഞെത്തും. സൂപ്പര്‍ സോണിക്, ഹൈപ്പര്‍ സോണിക് സ്പീഡില്‍ പറന്ന് ചെന്ന് ശത്രു വിനെ തകര്‍ക്കാന്‍ ഇതിന് സാധിക്കും. സര്‍ഫസ് ടി എയര്‍ മിസൈല്‍ പ്രതിരോധ കവചമായ ട്രയംഫ് റഡാര്‍ കണ്ണുകളെ വെട്ടിച്ച് പറക്കാന്‍ കഴിയുന്ന അമേരിക്കയുടെ എഫ്-43 ജെറ്റ് വിമാനങ്ങളേപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ളതാണ്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സര്‍ഫസ് ടു എയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ആകാശിനു പുറമേയാണ് ഇപ്പോള്‍ ട്രയംഫ് വാങ്ങാന്‍ വ്യോമസേന ആവശ്യപ്പെട്ടിരിക്കുന്നത്. ആകാശിന്റെ പ്രതിരോധ പരിധി 25 കിലോമീറ്റര്‍ മാത്രമാണെന്നതാണ് കാരണം.

70 കിലോമീറ്റര്‍ പരിധിയുള്ള മീഡിയം റേഞ്ച് മിസൈല്‍ പ്രതിരോധ കവച നിര്‍മ്മാണത്തിന് ഇസ്രായേല്‍ എയ്‌റോസ്പേസ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ ഡി‌ആര്‍‌ഡിഒയും ധാരണയിലെത്തിയിട്ടുണ്ട്. 2016ലോ 17ലൊ ഈ സംവിധാനത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. കൂടാതെ ട്രയംഫ് എത്തുന്നതൊടെ ഇത്തരം പ്രതിരോധ സംവിധാനങ്ങളെ മുഴുവം കോര്‍ത്തിണക്കി പൂര്‍ണമായും ഓട്ടോമേറ്റഡ് സംവിധാനത്തിലുള്ള പ്രതിരോധ സംവിധാനം ഉണ്ടാക്കണമെന്നും വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്. 8000 കോടിയാണ് ഈ സംവിധാനത്തിന് ചെലവാകുക. രാജ്യം മുഴുവനും സുരക്ഷാ കവചമൊരുക്കുന്ന ഈ സംവിധാനത്തിന് ഐ‌എസിസി‌എസ്‌ (ഇന്റഗ്രേറ്റഡ് എയര്‍ കമ്മന്‍ഡ് ആന്‍ഡ് കണ്‍‌ട്രോള്‍ സിസ്റ്റം) എന്നാണ് പേര്. കരസേനയുടെ ആകാശ്, നാവികസേനയുടെ ടിയര്‍, ത്രിഗുണ തുടങ്ങിയ മിസൈല്‍ പ്രതിരോധ കവചവും ഈ സംവിധാനത്തിന്റെ ഭാഗമാകും.