സ്കൂള്‍ പാഠ്യപദ്ധതിയില്‍ വേദപഠനം ഉള്‍പ്പെടുത്തണമെന്ന് ആര്‍എസ്‌എസ് നേതാവ്

Webdunia
ചൊവ്വ, 3 ജൂണ്‍ 2014 (14:47 IST)
സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഭാരതീയമായ വേദങ്ങളും ഉപനിഷത്തുകളും ഉള്‍പ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്  ആര്‍എസ്‌എന്റെ പ്രമുഖ സൈദ്ധാന്തികനും ഹിന്ദുത്വവാദിയുമായ ദീനനാഥ്‌ ബത്ര പ്രധാനമന്ത്രി മോഡിക്ക് കത്തയച്ചു.വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ശിക്ഷാ സംസ്കൃതി ഉത്ഥാന്‍ ന്യാസ്‌ എന്ന സര്‍ക്കാരിതര സംഘടനയുടെ പ്രസിഡന്റാണു ബത്ര.

നിലവിലെ പാഠപുസ്തകങ്ങളില്‍ പൗരാണിക ഇന്ത്യയുടെ ചരിത്രം ആവശ്യത്തിനില്ലെന്നും ആര്യഭടന്‍,സുശ്രുതന്‍,കണാദന്‍ എന്നിവരെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്ക്‌ അറിവില്ല. മഹാഭാരതം, രാമായണം, വേദം, ഉപനിഷത്ത്‌ എന്നിവയില്‍നിന്ന്‌ ഒന്നും വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നില്ല തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബത്ര കത്തയച്ചിരിക്കുന്നത്.

2005ല്‍ യുപിഎ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മാറ്റിയ പാഠ്യപദ്ധതിയാണു നിലവിലുള്ളതെന്നും അതു മാറ്റി ഇന്ത്യയുടെ പൗരാണിക ചരിത്രം വിദ്യാര്‍ഥികള്‍ക്കു പകര്‍ന്നു നല്‍കുന്ന തരത്തില്‍ പാഠ്യപദ്ധതി പുനഃക്രമീകരിക്കണമെന്നും ബത്ര പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പാഠ്യപദ്ധതി പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട്‌ ബത്ര കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിക്കും കത്തെഴുതിയിട്ടുണ്ട്‌. ഇതേത്തുടര്‍ന്ന്‌ പാഠ്യപദ്ധതി പുനഃക്രമീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കാന്‍ മന്ത്രി ഒരു സമിതിയെ ചുമതലപ്പെടുത്തി.

വെന്‍ഡി ഡോണിഗറുടെ ദ ഹിന്ദു: ആന്‍ ഓള്‍ട്ടര്‍നേറ്റീവ്‌ ഹിസ്റ്ററി എന്ന പുസ്തകം ഹിന്ദുത്വ വിരുദ്ധ പരാമര്‍ശങ്ങളുള്ളതിനാല്‍ പിന്‍വലിക്കണമെന്നു പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്സിനോട്‌ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട്‌ കോടതിയില്‍ കേസ്‌ കൊടുത്തയാളാണ്‌ ഇദ്ദേഹം.