'ഗാന്ധി വധത്തിന് പിന്നില്‍ ആര്‍‌എസ്‌എസ്’; രാഹുലിന് സമന്‍സ്

Webdunia
ശനി, 12 ജൂലൈ 2014 (10:39 IST)
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ മഹാരാഷ്ട്ര കോടതിയുടെ സമന്‍സ്. ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസുകാരാണെന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഭിവാന്തി കോടതിയുടേതാണ് സമന്‍സ്. ആര്‍എസ്എസ് നല്‍കിയ പരാതിയിലാണ് സമന്‍സ് നല്‍കിയത്. ഒക്ടോബര്‍ ഏഴിന് നടക്കുന്ന വിചാരണയില്‍ രാഹുല്‍ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി.
 
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്. ഇതിനെതിരേ ഭിവന്തിയിലെ ആര്‍എസ്എസ് സെക്രട്ടറി രാജേഷ് കുന്ദയെയാണ് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. 
 
“ആര്‍എസ്എസുകാരാണ് ഗാന്ധിജിയെ വധിച്ചത്. ഇന്ന് അവരുടെ ആള്‍ക്കാരായ ബിജെപി തന്നെ ഗാന്ധിജിയെക്കുറിച്ച് വാചാലരാകുന്നു. സര്‍ദാര്‍ പട്ടേലിനേയും ഗാന്ധിജിയേയും എതിര്‍ത്തവരാണ് അവര്‍”- ഇതായിരുന്നു താനെയില്‍ രാഹുല്‍ നടത്തിയ പ്രസംഗം. കഴിഞ്ഞ മാസം നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഓഗസ്റ്റ് ഏഴിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുലിനും സോണിയാ ഗാന്ധിക്കും പട്യാല ഹൗസ് കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നു.