ആര്‍എസ്പി ബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പം, കേരളത്തില്‍ യുഡിഎഫിനുമൊപ്പവും

Webdunia
ശനി, 24 മെയ് 2014 (15:21 IST)
ദേശീയ തലത്തില്‍ ഒറ്റപാര്‍ട്ടിയായി നില്‍ക്കാനും  ആര്‍എസ്പി,​ ആര്‍.എസ്.പി (ബി)​ പാര്‍ട്ടികളുടെ ലയനത്തിന് അംഗീകാരം നല്‍കാനും ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയോഗം തീരുമാനിച്ചു. ജൂണ്‍ 10ന് കേരളത്തില്‍ ആര്‍എസ്പിയുടെ ലയന സമ്മേളനം നടക്കും.

ബംഗാളില്‍ ഇടതുപക്ഷത്തിനൊപ്പവും കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫിനുമൊപ്പമാണ് ആര്‍എസ്പി നില്‍ക്കുക. കേരളത്തിലെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് വിരുദ്ധമാണെങ്കില്‍ കൂടി പ്രത്യേക സാഹചര്യത്തില്‍ ലയനത്തിന് അംഗീകാരം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തി കൊണ്ട് തന്നെ ദേശീയതലത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഢന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് മൂല്യചുതി സംഭവിച്ചു കൊണ്ടിരിക്കുകയാണെന്നും ഇത് പരിഹരിക്കാനുള്ള നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ചന്ദ്രചൂഢന്‍ പറഞ്ഞു.

കേരളത്തില്‍ ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോകേണ്ടി വന്ന സാഹചര്യം എന്‍.കെ.പ്രേമചന്ദ്രനും എ.എ.അസീസും യോഗത്തില്‍ വിശദീകരിച്ചു. സിപിഎമ്മിന്റെ കടുത്ത അവഗണനയെ തുടര്‍ന്നാണ് അത്തരമൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നതെന്ന കേരള ഘടകത്തിന്റെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.