ബാങ്കുകളും എ ടി എമ്മുകളും ഇന്ന് പ്രവര്‍ത്തിക്കില്ല; പൊതുജനം ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (10:08 IST)
രാജ്യത്തെ ബാങ്കുകളും എ ടി എമ്മുകളും ഇന്ന് പ്രവര്‍ത്തിക്കില്ല. കഴിഞ്ഞ അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവായ സാഹചര്യത്തിലാണ് ഇത്. ചില സ്ഥലങ്ങളില്‍ നവംബര്‍ ഒമ്പതാം തിയതിയും മറ്റു സ്ഥലങ്ങളില്‍ പത്താം തിയതിയും ആയിരിക്കും  എ ടി എമ്മുകള്‍ പ്രവര്‍ത്തനരഹിതമായിരിക്കുക.
 
500, 1000 രൂപ നോട്ടുകള്‍ അസാധുവായ സാഹചര്യത്തില്‍ 100 രൂപ വരെയുള്ള എല്ലാ നോട്ടുകളും ഉപയോഗിക്കാം. പുതിയ 500, 2000 രൂപയുടെ കറന്‍സികള്‍ എത്തുന്നതു വരെ ഈ നോട്ടുകള്‍ വേണം ഉപയോഗിക്കാന്‍. കൂടാതെ, നവംബര്‍ 10 മുതല്‍ 50 ദിവസത്തേക്ക് കൈയിലുള്ള നോട്ടുകള്‍ ബാങ്കില്‍ നിന്ന് മാറ്റിയെടുക്കാം. അതേസമയം, ചെക്ക്, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് തടസമില്ല. 
 
 
കൈയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ ഉള്ളവര്‍ ഭയപ്പെടേണ്ടതില്ല. ഈ തുക മാറ്റിയെടുത്ത് ഉപയോഗിക്കാന്‍ കഴിയും. 
 
1. ബാങ്കുകളില്‍ നിന്നും പോസ്റ്റ് ഓഫീസുകളില്‍ നിന്നും ഈ തുക മാറ്റിവാങ്ങാം.
 
2. നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാം. ഡെപ്പോസിറ്റിങ് മെഷീനുകള്‍ വഴി തുക നിക്ഷേപിച്ച് പിന്നീട്, ആവശ്യാനുസരണം എ ടി എമ്മില്‍ കൂടി പിന്‍വലിക്കാം.
 
3. തുക നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനും തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാണ്,
 
4. മരുന്ന് വാങ്ങാന്‍ 11 രാത്രി വരെ 500, 1000 നോട്ടുകള്‍ ഉപയോഗിക്കാം. എനാല്‍, ഡോക്‌ടറുടെ കുറിപ്പടിയോടു കൂടി വേണം എത്താന്‍. കൂടാതെ, 11 രാത്രി വരെ പെട്രോള്‍ പമ്പ്, റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ്, വിമാനത്താവളം എന്നിവിടങ്ങളില്‍ തുക മാറാവുന്നതാണ്.
 
5. നവംബര്‍ പതിനെട്ടാം തിയതി വരെ എ ടി എം വഴി 2000 രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍, ബാങ്കു വഴി 10000 രൂപ വരെ പിന്‍വലിക്കാം. അതേസമയം, ആഴ്ചയില്‍ 20000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ.
 
6. വിദേശത്തേക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും വിമാനത്താവളങ്ങളില്‍ 5000 രൂപ വരെ 500, 1000 രൂപയുടെ നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയും. വെള്ളിയാഴ്ച അര്‍ദ്ധരാത്രി വരെയായിരിക്കും സൌകര്യമുണ്ടാകുക.
Next Article