ഷൈന്‍ ടോം ചാക്കോ ഒരു അവസരം കൂടെ ആവശ്യപ്പെട്ടു: താരത്തിന് താക്കീത് നല്‍കി ഫെഫ്ക

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 22 ഏപ്രില്‍ 2025 (18:33 IST)
ഷൈന്‍ ടോം ചാക്കോയ്ക്ക് താക്കീത് നല്‍കി ഫെഫ്ക. ഷൈന്‍ ടോം ചാക്കോയുമായി തുറന്നു സംസാരിച്ചുവെന്നും ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ഒരു അവസരം കൂടി ആവശ്യപ്പെട്ടുവെന്നും സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇത് അവസാന അവസരമാണെന്നും വീണ്ടും അവസരം നല്‍കിയത് ദൗര്‍ബല്യമായി കാണരുതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
 
ഷൈന്‍ പ്രതിഭയുള്ള അഭിനേതാവാണ്. ഇത്തരം തെറ്റുകളില്‍ പെടുന്നവര്‍ക്ക് തിരുത്താന്‍ ഒരു അവസരം കൊടുക്കുക എന്നത് മാനുഷികമായ നിലപാടാണ്. എന്നാല്‍ ഇതിനെ ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. ഷൈന്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചാല്‍ ഷൈന്‍ മലയാള സിനിമയില്‍ ഉണ്ടാകും. ഷൈന്‍ ഒരു രോഗലക്ഷണമാണ്. ഒരുപാട് മറ്റ് ആളുകളുണ്ട്. ഇത്തരക്കാര്‍ക്ക് എതിരായ പരാതികള്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും ലഭിച്ചിട്ടുണ്ട്. ഇവരെ വിളിച്ചുവരുത്തി സംസാരിക്കും. 
 
കൂടാതെ ഫെഫ്ക എല്ലാ ലൊക്കേഷനുകളിലും ക്യാമ്പയിന്‍ നടത്തുകയാണെന്നും സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ വരെ ലഹരിക്കെതിരെ പ്രചാരണം നടക്കുകയാണെന്നും കേരളം ലഹരി വിമുക്തമാക്കാനുള്ള പൊതുസമൂഹത്തിന്റെ ദൗത്യത്തിനൊപ്പം തന്നെയാണ് ഫെഫ്കയെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍