ഒരു മതേതര ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് പൊതുസിവില്‍ കോഡ് അനിവാര്യമാണെന്ന് ചരിത്രകാരി റൊമില ഥാപ്പര്. എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പു വരുത്തുന്നതില്‍ ഇത് പ്രധാനമാണ്. മതം ജീവിതത്തിലെ ഓരോഘട്ടത്തിലും അധികാരം സ്ഥാപിച്ചു കൊണ്ട് എല്ലാ മനുഷ്യാവകാശങ്ങളിലും കൈ കടത്തുകയാണ് അവര്‍ പറഞ്ഞു.മുംബൈയിലെ കെ.സി കോളേജില്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്കുലറലിസം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിയ്ക്കുകയായിരുന്നു റൊമില ഥാപ്പര്‍.
ഇന്ത്യയിലെ സമൂഹഘടന മതേതരത്വം ശരിയായ രീതിയില്‍ ഉള്‍ക്കൊണ്ടിട്ടില്ലെന്ന് അവര്‍ പറഞ്ഞു.നമ്മള്‍ വെറുതെ മതേതര മുദ്രാവാക്യങ്ങള്‍ ഉരുവിടുകയാണ്. സമൂഹത്തെ എങ്ങനെ മതേതരവത്ക്കരിയ്ക്കാം എന്നത് സംബന്ധിച്ച് ഗൗരവ പൂര്‍ണ്ണമായ ആലോചനകള്‍ ഇന്ത്യയില്‍ നടക്കുന്നില്ലെന്നും റൊമില ഥാപ്പര്‍ പറഞ്ഞു. ജനനം, മരണം, വിവഹ മോചനം എല്ലാത്തിനും മതങ്ങള്‍ക്ക് അവരുടേതായ നിയമങ്ങളുണ്ട്. മുസ്ലീം വ്യക്തി നിയമത്തിന്റേയോ മറ്റേതെങ്കിലും സമുദായത്തിന്റയോ മാത്രം പ്രശ്‌നമല്ല. ഖാപ്പ് പഞ്ചായത്തുകള്‍ പോലുള്ള പ്രകൃത സമ്പ്രദായങ്ങളും മതപരവും ജാതിപരവുമായി നിലനില്‍ക്കുന്ന അസമത്വങ്ങളും വിഷയമാണെന്നും റോമില ഥാപ്പര്‍ വ്യക്തമാക്കി.