കണ്ടക്ടര്‍മാര്‍ ഓര്‍മ്മയാകും ഡ്രൈവര്‍മാര്‍ക്ക് ഇരട്ടിപ്പണി കൊടുക്കാന്‍ പുതിയ ഗതാഗത നിയമം വരുന്നു

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2015 (10:57 IST)
ബസുകളില്‍ കണ്ടക്ടര്‍ എന്ന തസ്തിക ഇല്ലാതാക്കി പകരം ഡ്രൈവര്‍മാര്‍ക്ക് കണ്ടക്ടറിന്റെ അധിക ചുമതല നല്‍കുന്ന തരത്തില്‍ പുതിയ ഗതാഗത നിയമം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചു. ബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ പാസാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.  റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍-2015 നിയമമാവുന്നതോടെ ഗതാഗത രംഗത്ത് അടിമുടിമാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.

ലേണേഴ്‌സ് ലൈസന്‍സ് കിട്ടി ഒമ്പതുമാസം കഴിഞ്ഞേ പൂര്‍ണ ലൈസന്‍സ് ലഭിക്കൂയെന്നതാണ് ബില്ലിലെ  പ്രധാന വ്യവസ്ഥ. ലൈസന്‍സ് ലഭിക്കുന്നതിന് ഇനിമുതല്‍ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാക്കും. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പ്രായപരിധി 20ല്‍നിന്ന് 19 ആയി കുറയ്ക്കും, വാഹനങ്ങളില്‍നിന്നുള്ള വരുമാനം കേന്ദ്രം പിരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറും തുടങ്ങിയവയും ബില്ലിലെ പ്രധാന നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

1988ലെ നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതാണ് പരിഷ്‌കരിക്കുന്നത്. അമിതവേഗം, കൂടുതല്‍ ആളെ കയറ്റുക, അപകടം ഉണ്ടാക്കുംവിധം നിര്‍ത്തിയിടുക, മദ്യപിച്ച് വാഹമോടിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരുലക്ഷംമുതല്‍ മൂന്നുലക്ഷം വരെയാണ് പിഴ ഈടാക്കുക. ഉടമയുടെ അനുമതിയില്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് ആറുമാസം തടവോ 25,000രൂപ പിഴയോ രണ്ടും കൂടിയോ, കാലാവധി കഴിഞ്ഞ ലൈസന്‍സുമായി വണ്ടിയോടിച്ചാല്‍ മൂന്നുമാസം തടവോ, 10,000 രൂപ പിഴയോ രണ്ടും കൂടിയോ, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ 2,000 മുതല്‍ ഒരുലക്ഷംവരെ പിഴയും ബില്ലില്‍ പറയുന്നു.

നാല് അതോറിറ്റികളാണ് റോഡ് നിയമവുമായി ബന്ധപ്പെട്ട് രൂപവത്കരിക്കുക. നാഷണല്‍ അതോറിറ്റി, സ്റ്റേറ്റ് അതോറിറ്റി, നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയാണവ. ഇവയുടെ ആസ്ഥാനം ദേശീയ, സംസ്ഥാന തലസ്ഥാനങ്ങളായിരിക്കും. അപകടത്തില്‍ പരിക്കേല്‍ക്കുന്ന വ്യക്തിയെ സ്വകാര്യ ആസ്പത്രിയുള്‍പ്പെടെ ഏത് ആസ്പത്രിയും സൗജന്യമായി ചികിത്സിക്കാന്‍ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. തിരക്കുള്ള സമയത്ത് അപകടത്തില്‍പ്പെടുന്നവര്‍ക്ക് പൂര്‍ണ സൗജന്യ ചികിത്സയ്ക്കായി പ്രത്യേക തുക നീക്കിവെക്കുന്നകാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പുതിയ ബില്ലിനെതിരെ ട്രേഡ് യൂണിയനുകള്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തുന്നത്. എതിര്‍പ്പിനെത്തുടര്‍ന്ന് ബില്ലിലെ ചില വ്യവസ്ഥകള്‍ കേന്ദ്രം മാറ്റിയെങ്കിലും യൂണിയനുകള്‍ ബില്ലിനെ ഇപ്പോഴും അനുകൂലിക്കുന്നില്ല. പ്രധാനമായും നിയമം വരുന്നതൊടെ തൊഴിലില്ലാതാകുന്ന കണ്ടക്ടര്‍മാരുടെ വിഷയമാണ് ട്രേഡ് സംഘടനകള്‍ ഉയര്‍ത്തുന്നത്.