വഞ്ചിച്ച കാമുകനെ തോക്ക് ചൂണ്ടി വിവാഹ വേദിയില്‍ നിന്ന് യുവതി തട്ടിക്കൊണ്ടു പോയി
ബുധന്‍, 17 മെയ് 2017 (14:50 IST)
വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്നാരോപിച്ച് വിവാഹവേദിയിൽ നിന്ന് വരനെ മുന്‍ കാമുകിയും സംഘവും തോക്കിൻമുനയിൽ നിര്‍ത്തി തട്ടിക്കൊണ്ടു പോയി. ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് അശോക് യാദവിനെയാണ് ഇരുപത്തിയഞ്ചുകാരിയായ യുവതി തട്ടിക്കൊണ്ടു പോയത്.
മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയും അശോക് യാദവും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതിനിടെ യുവാവിന് വീട്ടുകാര്‍ മറ്റൊരു കല്ല്യാണം ആലോചിച്ചുറപ്പിച്ചു. മാതാപിതാക്കളുടെ നിര്‍ദേശം പാലിച്ച് യുവാവ് വിവാഹത്തിന് സമ്മതിച്ചു.
അശോക് യാദവിന്റെ വാഹമാണെന്നറിഞ്ഞ് ചൊവ്വാഴ്‌ച രാത്രി വേദിയിലെത്തിയ യുവതി അതിഥികള്‍ നോക്കിനില്‍ക്കെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യാദവിനെ വേദിയില്‍ നിന്ന് പുറത്തെത്തിക്കുകയും വഴിയില്‍ നിറുത്തിയിട്ടിരുന്ന എസ് യു.വിയിൽ കയറ്റിക്കൊണ്ടു പോകുകയുമായിരുന്നു.
യുവതിയെ സഹായിക്കാന്‍ രണ്ടു പേരും എത്തിയിരുന്നു. യാദവ് തന്നെ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കിയതായിരുന്നുവെന്നും മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് അനുവദിക്കില്ലെന്നും യുവതി പറഞ്ഞു. സംഭവം നാണക്കേടായതോടെ വധുവിന്റെ വീട്ടുകാര്‍ യാദവിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കി.