സംവരണ നയം പൊളിച്ചെഴുതണമെന്ന് ആര്‍‌എസ്‌എസ്

Webdunia
തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (13:24 IST)
രാജ്യത്തെ സംവരണ നയം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് രഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് സംവരണങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നത്. സംവരണത്തിന്റെ യഥാര്‍ത്ഥ അവകാശികളെ നിര്‍ണയിക്കാന്‍ പൊതുസമൂഹത്തില്‍ നിന്നും രാഷ്ട്രീയ താല്‍പര്യമില്ലാത്ത ഒരു സമിതിയെ തെരഞ്ഞെടുക്കണമെന്നും ഭഗവത് ആവശ്യപ്പെട്ടു.

ആര്‍‌എസ്‌എസ്  മുഖപത്രമായ ഓര്‍ഗനൈസറിനു നല്‍കിയ അഭിമുഖത്തിലാണ് ഭാഗവത് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. അടുത്തിടെ ഗുജറാത്തിലുണ്ടായ പട്ടേല്‍ സംവരണ പ്രക്ഷോഭങ്ങളുടെ പശ്ചത്തലത്തിലാണ് ഭാഗവതിന്റെ പ്രതികരണം.  വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാണ് ആര്‍‌എസ്‌എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

പട്ടേല്‍ സമുദായത്തിന് ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ എന്ന 22കാരന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ഒരു മാസത്തിലേറെയായി പ്രക്ഷോഭം തുടരുകയാണ്. ഓഗസ്റ്റ് 25നുണ്ടായ സംഘര്‍ഷത്തില്‍ പത്തുപേരാണ് കൊല്ലപ്പെട്ടത്.