മതത്തിന്റെ പേരില്‍ വിവേചനമുണ്ടെങ്കില്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് ക്രിസ്ത്യാനികള്‍ക്ക് ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം

ശനി, 15 ഒക്‌ടോബര്‍ 2016 (09:15 IST)
മതത്തിന്റെ പേരില്‍ വിവേചനം ഉണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ക്രിസ്ത്യന്‍ സമുദായത്തോടാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്രിസ്ത്യന്‍ സമുദായത്തിന് ഒരു തരത്തിലുള്ള വിവേചനവും രാജ്യത്ത് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
 
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ച് ഓള്‍ ഇന്ത്യ ക്രിസ്ത്യന്‍ കൌണ്‍സില്‍ ന്യൂഡല്‍ഹി മാവ്‌ലങ്കര്‍ ഹാളില്‍ സംഘടിപ്പിച്ച ദേശീയസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവരും ഒരുമിച്ച് യത്നിക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
 
കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തെ ക്രിസ്ത്യന്‍ സമൂഹം പിന്തുണ നല്കണമെന്ന് കൌണ്‍സില്‍ ദേശീയ പ്രസിഡന്റ് ഡോ ജോസഫ് ഡിസൂസ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡത ഉയര്‍ത്തിപ്പിടിച്ച് രാഷ്‌ട്രനിര്‍മ്മാണത്തില്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക