രാജ്യസഭയിലെ അസാന്നിധ്യം ആരോപണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചതോടെ വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ രേഏഖ ഇന്ന് രാജ്യസഭയില്‍ മുഖം കാണിച്ചു. സച്ചിന്‍ അവധിയില്‍ പ്രവേശിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് കണ്ടാണ് രേഖ രാജ്യസഭയില്‍ ഹാജരായത്.
രണ്ട് വര്‍ഷം മുന്‍പ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രേഖ ആകെ 7 തവണയാണ് സഭയില്‍ ഹാജരായത്. രാജ്യസഭാംഗങ്ങളായ രേഖയും ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറും തുടര്‍ച്ചയായി രാജ്യസഭയില്‍ ഹാജരാകാത്തത് വിവാദമായിരുന്നു. സിപിഎം അംഗമായ പി രാജീവാണ് താര എംപിമാരുടെ അസാന്നിധ്യം പാര്‍ലമെന്റില്‍ ഉന്നയിച്ചത്.
പിന്നാലെ എന്‍സിപി അംഗങ്ങള്‍ ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളുടെ പ്രതിനിധികളും സച്ചിനും രേഖയ്‌ക്കുമെതിരെ രംഗത്ത് വന്നു. തുടര്‍ച്ചയായി സഭ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിലൂടെ താര എംപിമാര്‍ പാര്‍ലമെന്റിനെ അപമാനിക്കുകയാണെന്നാണ് രാജ്യസഭാംഗങ്ങള്‍ ഉന്നയിച്ച പ്രധാന വിമര്‍ശനം.