ചോദിച്ച കൈക്കൂലി നൽകിയില്ല എന്നാരോപിച്ച് പൊലീസ് രണ്ട് യുവാക്കളെ മർദിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.100 രൂപ കൈക്കൂലി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ദിലീപ് യാദവ്, പങ്കജ് യാദവ് എന്നീ യുവാക്കളെയാണ് നാലു പേരടങ്ങിയ പൊലീസ് സംഘം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
ട്രക്കിൽ കട്ടകളുമായി വരികയായിരുന്ന യുവാക്കളെ കോസ്മയിൽ വെച്ച് പൊലീസ് സംഘം തടഞ്ഞ് നിർത്തുകയായിരുന്നു. വണ്ടി കടത്തി വിടണമെങ്കിൽ 100 രൂപ കൈക്കൂലി ആയി തരണമെന്ന് പൊലീസ് ഇവരോട് പറഞ്ഞു. എന്നാൽ കൈക്കൂലി നൽകാൻ ആകില്ലെന്ന് ഇവർ പറഞ്ഞതാണ് പൊലീസ് സംഘത്തെ രോഷാകുലമാക്കിയത്. തുടർന്ന് ഇരുവരേയും പൊലീസ് മർദിക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഇരുവരുടെയും മൃതദേഹങ്ങൾ അടുത്തുള്ള കുളത്തിൽ നിന്നാണ് കണ്ടെടുത്തത്. പൊലീസ് തല്ലികൊന്ന് കുളത്തിൽ താഴ്ത്തുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രക്ഷോഭവും നടന്നിരുന്നു. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത പൊലീസുകാര്‍ക്കെതിരെ വീട്ടുകാരുടെ പരാതിയില്‍ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.