ഡികെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍; സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബിജെപി
ബുധന്‍, 10 ജൂലൈ 2019 (15:50 IST)
വിമത എംഎൽഎമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡികെ ശിവകുമാറിനെ കസ്റ്റഡിയിലെടുത്തു. ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി.
ബെംഗളൂരുവിൽ രാജ്ഭവന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയതിന് ഗുലാം നബി ആസാദിനെയും കസ്റ്റഡിയിലെടുത്തു. രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനായാണ് എംഎല്‍എമാരെ കാണണമെന്ന ആവശ്യം ഉന്നയിച്ച് ഡികെ ശിവകുമാറും സംഘവും മുംബൈയില്‍ ഹോട്ടലിന് പുറത്ത് കാത്തിരിപ്പ് തുടങ്ങിയത്.
അതേസമയം, കോൺഗ്രസ് - ജെഡിഎസ് സഖ്യസർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വം ഗവർണർ വാജുഭായ് വാലയെ സമീപിച്ചു. മുൻമുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ കണ്ടത്.
നാലുപേജുള്ള നിവേദനവും ഇവർ ഗവർണർക്കു കൈമാറി. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് യെഡിയൂരപ്പ പറഞ്ഞു.