ഇന്ത്യയുടെ നിയുക്‌ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണര്‍ അബ്‌ദുല്‍ ബാസിത്. മോഡി പാകിസ്ഥാനിലേക്ക് വരണം. ഇരു രാജ്യത്തിന്റെയും പുരോഗതിയ്‌ക്കായി കശ്‌മീര്‍ പ്രശ്‌നത്തിലെ ചര്‍ച്ച പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ രൂപീകരിച്ച ശേഷം കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയണമെന്ന് ആര്‍എസ്‌എസ് നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്‌ചാത്തലത്തിലാണ് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കണമെന്ന ആവശ്യവുമായി പാകിസ്‌ഥാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. കശ്‌മീര്‍ ഒരു പ്രധാന പ്രശ്‌നമാണെന്നും ഇന്ത്യയുടെ പുതിയ സര്‍ക്കാര്‍ ലോകത്തോടുള്ള പ്രതിബദ്ധത കാണിക്കണമെന്നും പാക് ഹൈക്കമ്മീഷണര്‍ അബ്‌ദുല്‍ ബാസിത് പറഞ്ഞു. തര്‍ക്കവിഷയങ്ങളില്‍നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്നും അവയെ നേരിടുന്നതിലൂടെ ഓരോ പ്രശ്‌നവും പരിഹരിക്കാനാകുമെന്നും പാക്ക് ഹൈക്കമ്മീഷണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നലെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടന്ന മീറ്റിലാണ് പാക്ക് ഹൈക്കമ്മീഷണര്‍ ഇന്ത്യ-പാക്ക് ബന്ധത്തില്‍ നിര്‍ണായകമായേക്കാവുന്ന കാര്യങ്ങള്‍ പുറത്തുവിട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ നരേന്ദ്ര മോഡിയെ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. മോഡിയുടെ സന്ദര്‍ശനം പാക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നതായും അബ്‌ദുല്‍ ബാസിത് വ്യക്‌തമാക്കി.