'അതേ, അയാളെ ഞാൻ 25 തവണ അടിച്ചു'; എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച ശിവസേന എം പി പറഞ്ഞത് ഇങ്ങനെയായിരുന്നു

Webdunia
വെള്ളി, 24 മാര്‍ച്ച് 2017 (10:03 IST)
ചെരിപ്പൂരി ഡ്യൂട്ടി മാനേജരുടെ കരണത്തടിച്ച ശിവസേനയുടെ എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ എയർ ഇന്ത്യ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് പുറമേ 40 മിനിറ്റോളം വിമാനം വൈകിപ്പിച്ചിരുന്നു. അതും ചേര്‍ത്ത് രണ്ടു പരാതികളാണ് എംപിക്കെതിരെ വിമാനക്കമ്പനി നൽകിയിട്ടുള്ളത്. 
 
യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലവിലുള്ളതുപോലെ യാത്രാനിരോധനം ഏർപ്പെടുത്തേണ്ടവരുടെ പട്ടിക തയാറാക്കുന്ന കാര്യവും എയർ ഇന്ത്യ പരിഗണിക്കുന്നുണ്ട്. ഗെയ്ക്ക്‌വാദിനെപ്പോലുള്ളവരെ വിമാനയാത്രകളിൽനിന്ന് വിലക്കുന്ന സംവിധാനമാണ് ആലോചിക്കുന്നതെന്ന് എയർ ഇന്ത്യ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇങ്ങനെയുള്ളവര്‍ ടിക്കറ്റെടുക്കാൻ ശ്രമിക്കുമ്പോൾ തന്നെ വിമാന കമ്പനിക്ക് വിവരം ലഭിക്കും.
 
എന്നാല്‍ എയർ ഇന്ത്യ ജീവനക്കാരനെ 25 തവണ താൻ അടിച്ചുവെന്ന് ഗെയ്ക്ക്‌വാദ്  മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. മർദനമേറ്റ ഉദ്യോഗസ്ഥൻ സുകുമാർ (60) പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയില്‍ എംപി വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും മർദിക്കുകയും കണ്ണട തകർക്കുകയും ചെയ്തുവെന്ന് പറയുന്നു. വ്യാഴാഴ്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എ ഐ 852 വിമാനത്തിലാണ് ഈ സംഭവം അരങ്ങേറിയത്. 
 
 
 
 
Next Article