സ്കൂൾ വിദ്യാർഥിനിയെ സഹപാഠികൾ പീഡിപ്പിച്ച് വിഡിയോ വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചു

Webdunia
വെള്ളി, 27 നവം‌ബര്‍ 2015 (15:21 IST)
സ്കൂൾ വിദ്യാർഥിനിയെ സുഹൃത്തും നാലു പേരും ചേർന്ന് മാനഭംഗപ്പെടുത്തിയ ശേഷം പീഡന രംഗങ്ങള്‍ വാട്സാപ്പില്‍ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 15 വയസുള്ള പെൺകുട്ടിയുടെ നാലു സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: ഈ മാസം എട്ടിനാണ് പെൺകുട്ടി പീഡനത്തിന് ഇരായാകുന്നത്. പഠനവുമായി ബന്ധപ്പെട്ട് ചില സംശയങ്ങളുണ്ടെന്ന് പറഞ്ഞ് ആൺകുട്ടികളിൽ ഒരാൾ പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന നാലുപേരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

പീഡന രംഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ പെണ്‍കുട്ടിയെ നിശബ്ദയാക്കുകയുമായിരുന്നു. എന്നാൽ, ആൺകുട്ടികൾ തന്നെ വാട്സ്‍ആപ്പ് വഴി ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളില്‍ കൂടി പ്രചരിച്ച് പീഡന രംഗങ്ങള്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീക്ക് ലഭിച്ചതൊടെയാണ് സംഭവം പുറത്തായത്. വിഡിയോ  വാട്സ്ആപ്പിൽ കണ്ട പെൺകുട്ടിയുടെ ആന്റി കാര്യം അന്വേഷിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

പെൺകുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ വിദേശത്തുമാണുള്ളത്. മുംബൈയിൽ മുത്തശിക്കൊപ്പമാണ് പെൺകുട്ടി ജീവിക്കുന്നത്. സംഭവത്തിൽ പിടിയിലായ നാലുപേരും പതിനെട്ട് വയസിന് താഴെയുള്ളവരാണ്. പിടിയിലായ നാലു പേരെയും ജുവനൈൽ കോടതിയിൽ ഹാജരാക്കി.