പെരുകുന്ന പീഡനങ്ങള്‍ക്കിടയിലും തീര്‍പ്പാകാത്തത് 31,000 ബലാത്സംഗക്കേസുകള്‍!

Webdunia
ബുധന്‍, 17 ഡിസം‌ബര്‍ 2014 (17:52 IST)
രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും ലൈംഗിക പീഡനങ്ങളും വര്‍ദ്ധിക്കുന്നതിനിടെ ഇന്ത്യയിലെ ഹൈക്കൊടതികളില്‍ കെട്ടിക്കിടക്കുന്നത് പതിനായിരക്കണക്കിന് ബലാത്സംഗക്കേസുകള്‍. ആതില്‍ തീര്‍പ്പാകാതെ പല ഹൈക്കോടതികളിലുമായി കെട്ടിക്കിടക്കുന്നത് 31000 കേസുകളെന്ന് റിപ്പോര്‍ട്ടുകള്‍.  സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ സഹിക്കേണ്ടിവരുന്നതിനിടെയാണ് ഈ നീതിനിഷേധം നടക്കുന്നതെന്നാണ് ശ്രദ്ദേയം.

2012 ല്‍ ഡല്‍ഹി പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന്‌ ഇരയായ സംഭവങ്ങളുടെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനങ്ങളില്‍ അതിവേഗ കോടതികള്‍ക്കായി കൂടുതലായി ഫണ്ട്‌ അനുവദിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ തീര്‍പ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്‌ഥാന സര്‍ക്കാരുകളോട്‌ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഫലമെന്നോണം വിവിധ ഹൈക്കോടതികള്‍ 318 അതിവേഗ കോടതികള്‍ സ്‌ഥാപിക്കുകയും ചെയ്‌തിരുന്നു.

എന്നാല്‍ ഇത്തരം കൊടതികളില്‍ നിന്ന് അപ്പീലായി വരുന്ന കേസുകള്‍ ഹൈക്കൊടതികളില്‍ കെട്ടിക്കിടക്കുകയാണ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളുടെ എണ്ണം മൂന്ന്‌ വര്‍ഷം കൊണ്ട്‌ 2.28 ല്‍ നിന്നും 3.09 ആയിട്ടാണ്‌ കൂടിയത്‌. കോടതികളിലെത്തുന്ന കേസുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി.

2009 വരെ 1,455 കേസുകള്‍ തീര്‍പ്പാക്കിയതിന്‌ ശേഷം ഇതുവരെ 312 കേസുകള്‍ സുപ്രീംകോടതിയുടെ മേശപ്പുറത്തുണ്ട്‌. അതിനിടെ സ്‌ത്രീകള്‍ക്കെതിരേയും കുട്ടികള്‍ക്കെതിരേയും അതിക്രമം കൂടിയതോടെ അതിവേഗകോടതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതി ചീഫ്‌ ജസ്‌റ്റീസുമാര്‍ക്കും നിയമമന്ത്രാലയം കത്തയച്ചിരിക്കുകയാണ്‌.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.