ന്യൂഡല്‍ഹിയില്‍ ഏഴുവയസുകാരിയെ അയൽവാസിയായ കൗമാര പ്രായക്കാരൻ ബലാത്സംഗം ചെയ്‌തു. തെക്കന്‍ ഡല്‍ഹിയിലെ തിഗ്രി പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. പീഡനത്തെത്തുടര്‍ന്ന് ഗുരുതര നിലയിലായ പെണ്‍കുട്ടിയെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കുട്ടിയെ മറ്റു രണ്ടുപേര്‍ കൂടി പീഡിപ്പിച്ചുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിയ പൊലീസ് കൗമാരക്കാരൻ മാത്രമാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കി.
വെള്ളിയാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. വീടിന് സമീപത്തെ പാര്‍ക്കില്‍വെച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. സംഭവശേഷം പ്രതി കുട്ടിയെ ഉപേക്ഷിച്ചു പോകുകയായിരുന്നു. നാട്ടുകാരാണ് പെണ്‍കുട്ടിയെ പാര്‍ക്കിനടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. എയിംസിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടി ഗുരുതര നിലതരണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസത്തിനിടയില്‍ ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാമത്തെ പീഡനമാണിത്. വെള്ളിയാഴ്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയിരുന്നു.