ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് തമിഴ്‌നാട് ബിജെപി നേതാവ് രഞ്ജന നാച്ചിയാര്‍ രാജിവച്ചു. തമിഴ്‌നാടിനോടുള്ള അവഗണനയും ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ നിര്‍ബന്ധമാക്കാനുള്ള പുതിയ വിദ്യാഭ്യാസ നയത്തിനോടും പ്രതിഷേധിച്ചാണ് രഞ്ജ്ജന ബിജെപി വിട്ടത്. തമിഴ്‌നാട് ബിജെപി കലാ-സാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു രഞ്ജന.
ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. ബിജെപി വിട്ടാലും തന്റെ പൊതുപ്രവര്‍ത്തനം തുടരുമെന്നും ഒരു തമിഴ് വനിത എന്ന നിലയില്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്നും രഞ്ജന വ്യക്തമാക്കി. ദേശീയ സുരക്ഷാ, ദേശസ്‌നേഹം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് ബിജെപി എന്ന് വിശ്വസിച്ചാണ് അതില്‍ ചേര്‍ന്നതെന്നും എന്നാല്‍ എല്ലാ ഇന്ത്യക്കാരെയും ഉള്‍ക്കൊള്ളുന്നതിന് പകരം ഇടുങ്ങിയ ചിന്താഗതിയാണ് ബിജെപിക്കുള്ളതെന്നും രഞ്ജന പറഞ്ഞു.