രാജീവ് ഗാന്ധി വധക്കേസ്: ഹര്‍ജി ഇന്ന് പരിഗണിക്കും

Webdunia
വെള്ളി, 25 ഏപ്രില്‍ 2014 (11:04 IST)
രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന് പറയും.

രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പ്രതികളായ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ ശിക്ഷ ദയാഹര്‍ജി തീര്‍പ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ ഇളവുചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ആരംഭിച്ചിരുന്നത്.

ആയുധനിയമം ഉള്‍പ്പടെയുള്ള നിയമങ്ങള്‍ ചുമത്തപ്പെട്ടതിനാല്‍ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാരിനാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഈ വകുപ്പുകളില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ പ്രതികളെ വിട്ടയക്കാമെന്ന് തമിഴ്നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കോടതിയില്‍ നിന്ന് വിരമിക്കുന്ന അവസാനദിവസം ചീഫ് ജസ്റ്റിസ് പി. സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് കേസില്‍വിധി പ്രസ്താവിക്കുക.