വനിതാ ഓഫീസര്‍മാര്‍ നോക്കിനിന്നു; പെണ്‍കുട്ടികളുടെ നെഞ്ചളവെടുത്തത് പുരുഷ ഓഫീസര്‍മാര്‍- രാജസ്ഥാന്‍ വനം വകുപ്പിലേക്കുള്ള ശാരീരികയോഗ്യതാ പരീക്ഷ വിവാദത്തില്‍

Webdunia
വ്യാഴം, 18 ഫെബ്രുവരി 2016 (12:52 IST)
രാജസ്ഥാന്‍ വനംവകുപ്പിലേക്ക് വനിതാ ഗാര്‍ഡുമാര്‍ക്കായുള്ള ശാരീരിക ക്ഷമതാ പരിശോധന നടത്തിയത് പുരുഷ ഓഫീസര്‍മാര്‍. രാജസ്ഥാനിലെ ചിറ്റോര്‍ഗഡ് ജില്ലയിലാണ് നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ശാരീരിക യോഗ്യതാ പരീക്ഷ നടന്നത്.

വനംവകുപ്പിലേക്ക് വനിതാ ഗാര്‍ഡുമാര്‍ക്കായുള്ള ശാരീരിക യോഗ്യതാ പരീക്ഷയായിരുന്നു ക്യാമ്പില്‍ നടന്നത്. പെണ്‍കുട്ടികളുടെ
നെഞ്ചളവടക്കമുള്ളവ പരിശോധിക്കേണ്ടത് വനിതാ ഓഫീസര്‍മാര്‍ ആയിരിക്കെ എല്ലാവരും നോക്കിനില്‍ക്കെ പരിശേധനകള്‍ നടത്തിയത് പുരുഷ ഓഫീസര്‍മാര്‍ ആയിരുന്നു. നിരവധി വനിതാ ഓഫീസര്‍മാര്‍ നോക്കിനില്‍ക്കേയാണ് വനിതാ ഉദ്യോഗാര്‍ഥികളുടെ നെഞ്ചളവടക്കം പുരുഷ ഓഫീസര്‍മാര്‍ എടുത്തത്.

സംഭവത്തിന്റെ ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ വാര്‍ത്തയായതോടെ അധികൃതര്‍ നടപടി സ്വീകരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. സംഭവത്തിനെതിരെ വനിതാ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.  സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നതെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.