രജനികാന്തിന് പത്മ അവാര്‍ഡിന്റെ പരവതാനി വിരിക്കാന്‍ ബിജെപി

Webdunia
വെള്ളി, 23 ജനുവരി 2015 (14:00 IST)
ഇത്തവണത്തെ പത്മ പുരസ്കാരത്തിനുള്ള സാധ്യതാപട്ടിക എഴുതപ്പെട്ട കടലാസിനുപോലും കാവിനിറമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ പ്രമുഖരായ ഹൈന്ദവ ആത്മീയാചാര്യമാര്‍ക്ക് പത്മ അവാര്‍ഡുമായി ആരതി ഉഴിയാന്‍ തയ്യാറെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പുകാലത്ത് സഹായിച്ചവര്‍ക്കുള്ള കൃതജ്ഞത അറിയിക്കുന്നതും പത്മ അവാര്‍ഡ് നല്കിയാണ്. 148 പേരുടെ സാധ്യതാപട്ടിക പരിശോധിക്കുമ്പോള്‍ രാജ്യത്തെ സാധാരണപൌരനു പോലും ഇതില്‍ കവിഞ്ഞൊന്നും മനസ്സില്‍ വരാന്‍ സാധ്യതയില്ല.

ഭാവിയില്‍ ബി ജെ പി സഹായം പ്രതീക്ഷിക്കുന്നവര്‍ക്കും പുരസ്കാരം നല്കാനുള്ള ശ്രമവും ശുപാര്‍ശപട്ടികയില്‍ കാണുന്നുണ്ട്.
പത്മ പുരസ്കാരത്തിനുള്ള പട്ടികയില്‍ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പേരുമുണ്ട്. 2000ത്തില്‍ പത്മഭൂഷണ്‍ പുരസ്കാരം നല്കി രജനികാന്തിനെ രാഷ്‌ട്രം ആദരിച്ചിരുന്നു. അദ്ദേഹം പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഇപ്പോഴുള്ള സാധ്യതപട്ടികയിലെ പേരു കാണുമ്പോള്‍ മനസ്സില്‍ ചില മോഹങ്ങള്‍ വെച്ചു കൊണ്ടാണ് രജനികാന്തിന് പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത് എന്ന് സംശയിച്ചാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല.
പുരസ്കാരങ്ങളെപ്പോലും രാഷ്‌ട്രീയ ലക്‌ഷ്യങ്ങള്‍ക്കായി മോഡി സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംശയമാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്.

രജനി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അത് എന്തായാലും ബി ജെ പിയില്‍ ആയിരിക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിലെ എല്ലാവര്‍ക്കും ഉറപ്പാണ്. ഇതിനു കാരണം അദ്ദേഹത്തിന് മോഡിയുമായുള്ള അടുത്ത സൌഹൃദം തന്നെയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സ്വാധീനിക്കാനുള്ള ഒരു സൂത്രപ്പണിയാണോ പത്മവിഭൂഷണ്‍ എന്നതാണ് തമിഴകത്ത് ഉയര്‍ന്നു വരുന്ന ചോദ്യം.

രാഷ്‌ട്രീയത്തില്‍ നേരിട്ട് പ്രവര്‍ത്തിച്ചിട്ടില്ലെങ്കിലും ചില ഇടപെടലുകളിലൂടെ തമിഴ് രാഷ്‌ട്രീയത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് രജനി. 1996ലെ നിയമസഭാതെരഞ്ഞെടുപ്പ് വേളയില്‍ ‘നിങ്ങള്‍ ജയലളിതയെ വീണ്ടും അധികാരത്തിലേറ്റിയാല്‍ ദൈവത്തിന് പോലും നിങ്ങളെ രക്ഷിക്കാനാവില്ല’ എന്ന രജനിയുടെ പ്രസ്താവന തമിഴ് രാഷ്‌ട്രീയത്തില്‍ വന്‍ചലനം ഉണ്ടാക്കിയിരുന്നു.

അനധികൃതസ്വത്ത് സമ്പാദന കേസില്‍ ജയലളിത ശിക്ഷിക്കപ്പെട്ടതും ടുജി സ്പെക്‌ട്രത്തില്‍ ഡി എം കെ നേതൃത്വത്തിലെ പ്രമുഖര്‍ കുടുങ്ങിയതും കണക്കിലെടുക്കുമ്പോള്‍ രജനിയുടെ രാഷ്‌ട്രീയ പ്രവേശനത്തിന് തികച്ചും അനുകൂലമായ സാഹചര്യമാണ് തമിഴ് മണ്ണില്‍ നിലവിലുള്ളത്. ഡി എം കെ നേതാവും കരുണാനിധിയുടെ മകനുമായ അഴഗിരി നേരത്തെ പാര്‍ട്ടി വിട്ടിരുന്നു. ചുരുക്കത്തില്‍ ഡി എം കെയും എ ഐ എ ഡി എം കെയും ഒരെപോലെ  പ്രതിസന്ധിഘട്ടത്തിലാണ്. കോണ്‍ഗ്രസിന് തമിഴകത്ത് ഏതാണ്ട് അഡ്രസ് പോയ അവസ്ഥയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ നാമമാത്രം. ഈ സാഹചര്യത്തില്‍
ബി ജെ പിയുടെ നേതൃത്വത്തിലേക്ക് രജനികാന്ത് എത്തുകയാണെങ്കില്‍ പാര്‍ട്ടിക്ക് തമിഴ് മണ്ണില്‍ മുന്നേറാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് മോഡി രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയതാണ് താരം രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണമായത്. എന്നാല്‍ ‍, നവംബറില്‍ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയ രജനി താന്‍ രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു. പക്ഷേ ‘ലിംഗ’യുടെ ഓഡിയോ റിലീസിനിടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കുന്ന രീതിയില്‍ രജനി സംസാരിച്ചത് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് രജനികാന്ത് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കിയിരുന്നില്ല. സിനിമയും സിനിമാനടന്മാരും പലപ്പോഴും നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള തമിഴക രാഷ്‌ട്രീയത്തില്‍ ,  രജനികാന്തിനെപ്പോലെ വന്‍ ജനസ്വാധീനമുള്ള ഒരു താരത്തെ ഉപയോഗിച്ച് വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമം, ഇപ്പോഴും അണിയറയില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ്, പത്മ പുരസ്കാരത്തിനുള്ള സാധ്യതപട്ടിക.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.