ശശി തരൂരിനെതിരായ പരസ്യ പ്രതികരണങ്ങള്‍ നിര്‍ത്താന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡ്. തരൂര്‍ നടത്തിയ 'ഇടതുപക്ഷ സ്തുതി'യെ വിവാദമാക്കേണ്ട ആവശ്യമില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാടെടുത്തു. തരൂരിന്റെ പ്രസ്താവനയില്‍ തെറ്റൊന്നും കാണുന്നില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തരൂരുമായി കൂടിക്കാഴ്ച നടത്തി.
രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തരൂര്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ ഇനി പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് സംസ്ഥാന നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. ഡല്‍ഹി ജന്‍പഥിലെ സോണിയ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് രാഹുലും തരൂരും കൂടിക്കാഴ്ച നടത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറിയും കേരളത്തില്‍ നിന്നുള്ള നേതാവുമായ കെ.സി.വേണുഗോപാല്‍ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നെങ്കിലും തരൂര്‍-രാഹുല്‍ കൂടിക്കാഴ്ചയില്‍ പങ്കാളിയായില്ല.
കേരളത്തിലെ വികസന മുന്നേറ്റത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പറഞ്ഞതെന്നും അതില്‍ വിവാദമാക്കാന്‍ ഒന്നുമില്ലെന്നും തരൂര്‍ രാഹുലിനോടു പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ അന്ധമായ രാഷ്ട്രീയ വിരോധം കൂടിയിട്ടുണ്ടെന്നും ഇത് ഭാവിയില്‍ കൂടുതല്‍ ദോഷം ചെയ്യുമെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ വാദങ്ങള്‍ കണക്കിലെടുത്ത രാഹുല്‍ സിപിഎം ഇന്ത്യ മുന്നണിയുടെ ഭാഗമാണെന്നത് കൂടി പരിഗണിച്ചാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് പോകേണ്ടതില്ലെന്ന നിലപാടെടുത്തത്.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി ആണെന്നാണ് തരൂര്‍ പറഞ്ഞത്. ചുവപ്പുനാട മുറിച്ചുമാറ്റി മികച്ച വ്യവസായ സാഹചര്യമൊരുക്കാന്‍ കേരളത്തില്‍ സാധിക്കുന്നുണ്ടെന്നാണ് തരൂരിന്റെ മറ്റൊരു പരാമര്‍ശം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് വ്യവസായത്തില്‍ വന്‍ കുതിച്ചുച്ചാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്നും തരൂര്‍ പറഞ്ഞിരുന്നു.