ദക്ഷിണ ഡല്‍ഹിയില്‍ കുടിയൊഴിപ്പിക്കപ്പെട്ട ചേരിനിവാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചേരികളില്‍നിന്നും പാവങ്ങളെ പുറത്താക്കണമെങ്കില്‍ ആദ്യം തന്റെ നെഞ്ചത്തു കൂടി ബുള്‍ഡോസര്‍ കയറ്റണമെന്ന് അദ്ദേഹം സര്‍ക്കാരിനെ വെല്ലുവിളിച്ചു.
രണ്ടു ദിവസം മുമ്പ് ആളുകളെ ബലമായി കുടിയൊഴിപ്പിച്ച ദക്ഷിണ ഡല്‍ഹിയിലെ രാങ്പൂര്‍, പഹാഡി ചേരികളില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
ഈ പ്രശ്നം വെറുതെ വിടാന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ല. ഇത്തവണ അവര്‍ വിജയിച്ചു. ഇനിയും കുടിയൊഴിപ്പിക്കണമെങ്കില്‍ ആദ്യം തന്റെ ശരീരത്തിലൂടെ ബുള്‍ഡോസര്‍ കയറ്റണമെന്നും രാഹുല്‍ പറഞ്ഞു. തണുപ്പു കാലമാണെന്നത് വകവയ്ക്കാതെ പാവപ്പെട്ട ജനങ്ങളെ അവരുടെ താമസ സ്ഥലത്തു നിന്നും പുറത്താക്കുന്ന സര്‍ക്കാര്‍ നയത്തെയും രാഹുല്‍ വിമര്‍ശിച്ചു.
ചേരിയൊഴിപ്പിക്കല്‍ പാര്‍ലമെന്റിലും ചര്‍ച്ചയായ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ സന്ദര്‍ശനം. ചേരിയൊഴിപ്പിച്ചതിനെ തുടര്‍ന്ന് 2000-ത്തിലധികം കുട്ടികള്‍ കൊടുംതണുപ്പില്‍ തെരുവിലായതായി കാണിച്ച് സിപിഐ(എം) നേതാവ് ടി എന്‍ സീമയാണ് വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
വനമേഖലയായി തിരിച്ചിട്ടിരിക്കുന്ന ഇവിടെ കുടില്‍ കെട്ടി താമസിച്ചിരുന്ന 900 ത്തിലധികം കുടുംബങ്ങളെയാണ് കഴിഞ്ഞ ദിവസം പുറത്താക്കിയത്. കൊടും തണുപ്പിനെയും വകവയ്ക്കാതെയാണ് ആയിരക്കണക്കിന് ആളുകളെ തെരുവിലേക്ക് തള്ളിയത്.