ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ക്രിമിനലുകളല്ലെന്ന്‌ രാഹുല്‍; മോഡിക്കും വിമര്‍ശനം

Webdunia
ബുധന്‍, 19 ഓഗസ്റ്റ് 2015 (16:56 IST)
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാരും ക്രിമിനലുകളല്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി മനസിലാക്കണമെന്നു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോഡിയുടെ മന്ത്രമായ അച്ഛേദിന്‍ എന്നാല്‍ നിശബ്ദമാക്കുക, പുറത്താക്കുക, അറസ്റ്റ് ചെയ്യുക എന്നാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ സമരവുമായി ബന്ധപ്പെട്ട്‌ അഞ്ചു വിദ്യാര്‍ഥികളെ അറസ്റ്റ്‌ ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാസങ്ങളായി സമരം ചെയ്‌തു വരുകയായിരുന്ന വിദ്യാര്‍ഥികളെ അര്‍ദ്ധരാത്രിയില്‍ ജ്യാമ്യമില്ലാ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബെയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 5 വിദ്യാര്‍ഥികളെയാണ് നിലവില്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കൃത്യനിര്‍വ്വഹണ വേളയില്‍ തന്നെ തടഞ്ഞുവെച്ചുവെന്നും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കാട്ടി പ്രശാന്ത് പത്രബെ രണ്ട് പെണ്‍കുട്ടികളടക്കം 17 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. അറസ്റ്റ് ചെയ്‍ത വിദ്യാര്‍ഥികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതിനിടെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ സമരം ഒത്തുതീർപ്പാകുന്നതുവരെ ഡൽഹിയിൽ പഠനം നടത്താൻ താൽക്കാലിക സൗകര്യമേർപ്പെടുത്താമെന്ന്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനം നല്‍കി.