കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സെപ്തംബറിൽ പാർട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിൽ വെച്ച് നടക്കുന്ന എഐസിസിയുടെ എൺപത്തിനാലാമത് സമ്മേളനത്തിലാവും കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയിൽ നിന്ന് രാഹുൽ അധികാരം ഏറ്റെടുക്കുക.
പാർലമെന്റിന്റെ ബഡ്‌ജറ്റ് സമ്മേളനം അവസാനിച്ചപ്പോൾ തന്നെ രാഹുലിനെ പാർട്ടി അദ്ധ്യക്ഷനാക്കണം എന്ന നിലപാടിലായിരുന്നു പല മുതിർന്ന കോൺഗ്രസ് നേതാക്കളും. പിന്നീട് 57 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം തിരികെയെത്തിയ രാഹുൽ ഗാന്ധി നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ വിമര്‍ശന ശരങ്ങള്‍ തൊടുത്തുവിടുകയാണ്. ഈ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തെ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനം ഏല്‍പ്പിച്ച് നല്‍കാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം എന്ന നിലയിലാണ് എഐസിസി സമ്മേളനം നടക്കുക. രണ്ടു മാസം നീളുന്ന സംഘടനാ തെരഞ്ഞെടുപ്പാണ് നടക്കുക. ഇപ്പോൾ അംഗത്വ വിതരണവും മറ്റുമാണ് നടന്നുവരുന്നത്. മേയ് 15വരെയാണ് അംഗത്വ വിതരണത്തിനുള്ള സമയപരിധി നിശ്ചയിച്ചിരുന്നതെങ്കിലും അത് ഒരു മാസം കൂടി നീട്ടാൻ ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 15നാണ് സംഘടനാ തെരഞ്ഞെടുപ്പ് അവസാനിക്കുക. എന്നാൽ, സെപ്തംബർ പകുതിയോടെ കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനേയും മറ്റ് പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുക്കുന്ന എഐസിസി സമ്പൂർണ സമ്മേളനത്തോടെ പ്രക്രിയകൾ അവസാനിക്കും