രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ലാളിച്ചു വഷളാക്കപ്പെട്ട സന്തതിയെന്ന് ബിജെപി

Webdunia
ശനി, 26 സെപ്‌റ്റംബര്‍ 2015 (08:33 IST)
കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്‌ട്രീയത്തിലെ ലാളിച്ചു വഷളാക്കപ്പെട്ട കുട്ടിയാണ് രാഹുൽ ഗാന്ധിയെന്ന് ബിജെപി.  രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്‌ ഉത്തരവാദിത്വരഹിതമായാണ്‌ പെരുമാറുന്നതെന്നും ബിജെപി ആരോപിച്ചു. ബിജെപി വക്‌താവ്‌ എം ജെ അക്‌ബറാണ്‌ രാഹുലിന്റെ നേതൃത്വത്തെ പരിഹസിച്ച്‌ രംഗത്ത്‌ വന്നത്‌.

നേതാവാകാനുള്ള കുടുംബ പശ്ചാത്തലമോ അനുഭവ പരിചയമോ രാഹുലിനില്ലെന്നും ബിജെപി വക്താവ് എം.ജെ. അക്ബർ പറഞ്ഞു. കർണാടകയിൽ അധികാരത്തിലിരിക്കുമ്പോഴും ഡൽഹിയിൽ പ്രതിപക്ഷത്തിരിക്കുമ്പോഴും രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പൂർണമായും ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു നല്ല നേതാവാകാന്‍ ശ്രമിക്കുന്നതിന്‌ പകരം രാഹുല്‍ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്ന നേതാവായി മാറുകയാണ്‌. ഓരോ ദിവസവും ഇത്‌ ശരിവയ്‌ക്കുന്ന തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുകയാണെന്നും അക്‌ബര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രകള്‍ സംബന്ധിച്ച്‌ പോലും തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌. മറ്റുള്ള എല്ലാവരും വിഡ്‌ഢികളാണെന്ന ധാരണയിലാണ്‌ കോണ്‍ഗ്രസ്‌ ഇത്‌ ചെയ്യുന്നതെന്നും അക്‌ബര്‍ ആരോപിച്ചു.

ഇന്ത്യയിൽ താമസിക്കുന്ന നമുക്കോരുരുത്തർക്കും ഇന്റർനെറ്റ് ഉപയോഗിക്കാൻ മാർഗ്ഗമില്ലെന്നാണ് അവരുടെ വിചാരം. വിവരങ്ങൾ ഒന്നും അറിയാനും മാർഗ്ഗമില്ല. ലോകത്തിലെ മണ്ടന്മാരെല്ലാം ഇവിടെയാണ് താമസിക്കുന്നതെന്നാണ് കോൺഗ്രസ് കരുതുന്നതെന്നും അക്ബർ പരിഹസിച്ചു. ബിഹാറിലെയോ മറിച്ച് ഇന്ത്യയിലെ ജനങ്ങളോ തെറ്റായ രീതിയിൽ ചിന്തിക്കില്ല. അവർക്ക് സത്യം എന്താണെന്ന് അറിയാം. ബിഹാറിൽ എൻഡിഎ ഭൂരിപക്ഷത്തോടെ വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.