രാജ്യത്തെ പൊതുമുതലുകള്‍ നശിപ്പിച്ചാല്‍ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമവുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. പ്രിവൻഷൻ ഓഫ് ഡിസ്ട്രക്ഷൻ ഓഫ് പബ്ലിക് പ്രോപ്പർട്ടി ആക്ട് ഭേദഗതി ചെയ്ത് പുതിയ നിയമം ആക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് നിയമത്തിന്റെ കരട് പൊതുജനാഭിപ്രായത്തിനായി കേന്ദ്രസര്‍ക്കാര്‍ പുറത്ത് വിട്ടു.
ഈ ബിൽ നിലവിൽ വരുന്നതോടെ റോഡുകളിൽ പ്രതിഷേധസമരം നടത്തുമ്പോഴോ, പ്രതിഷേധ സമരത്തിനിടെ കലാപം പൊട്ടിപ്പുറപ്പെട്ടാലോ പൊതുമുതലുകള്‍ നശിപ്പിക്കപ്പെട്ടാല്‍ അതിന് ഉത്തരവാദികളായ രാഷ്ട്രീയ സംഘടനയുടെയോ വിദ്യാർത്ഥി സംഘനടയുടേയോ നേതൃത്വത്തെയൊന്നാകെ ജയിലിലിടാനാകും. ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവർക്ക് അഞ്ച് വർഷം വരെ ജയിൽ ശിക്ഷയും പിഴയും ലഭ്യമാക്കാനാണ് പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നത്. ഇത്തരം നശീകരണം ഒരു നിർമ്മാണ യൂണിറ്റുമായോ, ജലവിതരണസംവിധാനമായോ ഊർജവിതരണ സംവിധാനവുമായോ, ബന്ധപ്പെട്ടതാണെങ്കിൽ ജയിൽ ശിക്ഷ 10 വർഷമായി ഉയരുകയും ചെയ്യും.
നിയമപ്രകാരം പൊലീസ് കുറ്റം ചുമത്തിയാല്‍ ഇത് തങ്ങളുടെ അറിവോടെയല്ല എന്ന് സംഘടനാ നേതൃത്വങ്ങള്‍ക്ക് തെളിയിക്കേണ്ടിവരും. അല്ലെങ്കില്‍ ജയില്‍ ശിക്ഷയും പിഴയും അനുഭവിക്കേണ്ടിവരും. ഇതിനോട് ഭൂരിഭാഗവും ജനങ്ങളും യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൊതുജനാഭിപ്രായം സ്വരൂപിച്ച ശേഷം ബില്ല് അടുത്ത സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. രാജ്യത്ത് പ്രതിഷേധ സമരങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ കര്‍ശനമായ നിയമ കൊണ്ടുവരുന്നത്.