പിഎഫ് നികുതി പ്രശ്‌നത്തിന് പരിഹാരം; നികുതി തീരുമാനം പൂര്‍ണമായും പിന്‍വലിച്ചതായി അരുണ്‍ ജെയ്‌റ്റ്‌ലി

Webdunia
ചൊവ്വ, 8 മാര്‍ച്ച് 2016 (13:55 IST)
ബജറ്റ് അവതരണത്തിനു ശേഷം ഏറെ ആശയക്കുഴപ്പം സൃഷ്‌ടിച്ച് പി എഫ് നികുതി പ്രശ്നത്തിന് അവസാനമായി. പി എഫ് നിക്ഷേപം പിന്‍വലിക്കുന്നതിന് നികുതി ഈടാക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി ലോക്സഭയില്‍ അറിയിച്ചു.
 
പ്രൊവിഡന്റ് ഫണ്ട് തുക പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിനെതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇക്കാര്യം പുന:പരിശോധിച്ച് നികുതി തീരുമാനം പിന്‍വലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
സര്‍ക്കാരിന് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു. സേവനത്തില്‍ നിന്ന് വിരമിക്കുന്ന കാലത്തോ അല്ലാത്തപ്പോഴോ പിന്‍വലിക്കുന്ന പി എഫ് തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റി അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും ജെയ്റ്റ്ലി പറഞ്ഞു.
 
അതേസമയം, പി എഫിനുമേല്‍ പ്രഖ്യാപിച്ച 60 ശതമാനത്തിനു മേലുള്ള നികുതി നിര്‍ദ്ദേശം പൂര്‍ണമായും പിന്‍വലിക്കുന്നെന്നും പെന്‍ഷന്‍ തുക പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തിന് നികുതിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.