‘ഏ ദില്‍ ഹെ മുഷ്‌കില്‍’ ന് ആഭ്യന്തരമന്ത്രിയുടെ പിന്തുണ; റിലീസുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്കുമെന്നും രാജ്‌നാഥ് സിങ്

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (15:33 IST)
പാക് താരങ്ങള്‍ അഭിനയിച്ചതിനെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ കരണ്‍ ജോഹര്‍ ചിത്രം ‘ഏ ദില്‍ ഹെ മുഷ്‌കില്‍’ ന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ. ചിത്രത്തിന്റെ റിലീസിന് സര്‍ക്കാര്‍ പൂര്‍ണപിന്തുണ നല്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 
 
പ്രമുഖ നിര്‍മ്മാതാവ് മുകേഷ് ഭട്ട് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് ആഭ്യന്തരമന്ത്രി എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്തത്.
 
ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ സാധ്യതയുള്ള അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ മന്ത്രി ഉറപ്പു നല്കിയതായി കൂടിക്കാഴ്ചയ്ക്കു ശേഷം മുകേഷ് ഭട്ട് പറഞ്ഞു.
 
കരണ്‍ ജോഹര്‍ നിര്‍മ്മിച്ച്, സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാക് താരം ഫവാദ് ഖാന്‍ അഭിനയിച്ചിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ളവര്‍ ആഭ്യന്തരമന്ത്രിയെ കണ്ടത്.
Next Article