വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകില്ല. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചു ജയിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിക്കുമ്പോള്‍ പ്രിയങ്ക പകരം സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണ് പ്രിയങ്കയുടെ തീരുമാനം. ഉത്തര്‍പ്രദേശിലെ റായ് ബറേലി സീറ്റ് നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചു. വയനാട്ടില്‍ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ചത്. റായ്ബറേലിയില്‍ 3,90,030 വോട്ടുകളുടെ ജയമാണ് രാഹുല്‍ നേടിയത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക എവിടെയും മത്സരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് സാധിക്കും. കെപിസിസി നേതൃത്വവും പ്രിയങ്ക മത്സരിക്കണമെന്ന് എഐസിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിയങ്കയ്ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വരാന്‍ തല്‍ക്കാലത്തേക്ക് താല്‍പര്യമില്ലെന്നാണ് എഐസിസി നേതൃത്വം കെപിസിസിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം തൃശൂരില്‍ തോറ്റ കെ.മുരളീധരനെ വയനാട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തൃശൂരിലെ തോല്‍വിക്ക് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് തല്‍ക്കാലത്തേക്ക് ഇടവേളയെടുക്കുകയാണെന്ന് മുരളീധരന്‍ പ്രഖ്യാപിച്ചിരുന്നു. മുരളീധരനെ അനുനയിപ്പിക്കാന്‍ വയനാട് സീറ്റ് വാഗ്ദാനം ചെയ്യണമെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നത്.