NEET Controversy: നീറ്റ് പരീക്ഷയിൽ വ്യാപക കൃത്രിമം, തട്ടിപ്പ് പുറത്താകാതിരിക്കാൻ ഫലം പുറത്തുവിട്ടത് ജൂൺ നാലിന്, സുപ്രീംകോടതിയിൽ കേസുമായി സൈലം

അഭിറാം മനോഹർ

വെള്ളി, 7 ജൂണ്‍ 2024 (17:43 IST)
നീറ്റ് പരീക്ഷയിലും പരീക്ഷ ഫലം പ്രഖ്യാപിച്ചതിലും വ്യാപകമായ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 14ന് പ്രസിദ്ധീകരിക്കേണ്ടിയിരുന്ന നീറ്റ് പരീക്ഷാഫലം ജൂണ്‍ 4നാണ് പുറത്തുവിട്ടത്. ലോകസഭാ തിരെഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന തീയ്യതി തന്നെ നീറ്റ് പരീക്ഷ ഫലപ്രഖ്യാപനവും തീരുമാനിച്ചത് നീറ്റ് പരീക്ഷാതട്ടിപ്പ് പുറത്തറിയാതെ ഇരിക്കാനാണെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്.
 
 കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം തന്നെ നീറ്റ് പരീക്ഷയിലെ മുഴുവന്‍ മാര്‍ക്ക് കിട്ടിയിരുന്നത് ഒന്നോ രണ്ടോ കുട്ടികള്‍ക്കായിരുന്നുവെങ്കില്‍ ഇത്തവണ 67 പേര്‍ക്ക് 720 മാര്‍ക്ക് നീറ്റ് പരീക്ഷയില്‍ ലഭിച്ചു.  60 മുതല്‍ 70 വരെ റാങ്കില്‍ ഉള്ളവര്‍ പരീക്ഷ എഴുതിയത് ഒരേ പരീക്ഷ സെന്ററില്‍. 25 ലക്ഷം പേര്‍ എഴുതുന്ന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ 8 കുട്ടികളും ഒരേ പരീക്ഷ സെന്ററില്‍ നിന്നുമാണ്. ഇത് കൂടാതെ അഞ്ച് മാര്‍ക്ക് ശരിയുത്തരത്തിനും തെറ്റുത്തരത്തിന് ഒരു നെഗറ്റീവ് മാര്‍ക്കുമുള്ള പരീക്ഷയില്‍ നീറ്റില്‍ ഒരിക്കലും വരാന്‍ സാധിക്കാത്ത 716,718,719 മാര്‍ക്കുകള്‍ നേടിയവരും ഇത്തവണ റാങ്ക് ലിസ്റ്റിലുണ്ട്.
 
 ഇതിനെ പറ്റി പരാതി ഉയര്‍ന്നപ്പോള്‍ എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകത്തിലെ ഉത്തരവിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് പരീക്ഷ നടത്തുന്ന എന്‍ ടി എയുടെ വിശദീകരണം. പരീക്ഷ വൈകിത്തുടങ്ങിയ സ്ഥലങ്ങളില്‍ കുട്ടികള്‍ക്ക് നഷ്ടപ്പെട്ട സമയത്തിന് പകരം കൊടുത്ത മാര്‍ക്കാണെന്നും പിന്നീട് വിശദീകരണം വന്നു. ഈ പശ്ചാത്തലത്തില്‍ നീറ്റ് പരീക്ഷയിലും ഫലത്തിലും വന്ന അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എജ്യൂടെക് സ്ഥാപനമായ സൈലം.
 
 നേരത്തെ നീറ്റ് പരീക്ഷ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഉപേക്ഷിച്ച നിലയില്‍ ചോദ്യപ്പേപ്പര്‍ കണ്ടതായും പല ടെലഗ്രാം ചാനലുകളില്‍ പരീക്ഷയ്ക്ക് മുന്‍പ് തന്നെ ചോദ്യപേപ്പര്‍ ലഭ്യമായെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഇതിനിടയിലാണ് നീറ്റ് പരീക്ഷാഫലത്തിലും കൃത്രിമം നടന്നതായി വ്യക്തമാകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍