ഭൂമിയിടപാട്: പ്രിയങ്ക ഗാന്ധി വിവരങ്ങള്‍ കൈമാറിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍

തിങ്കള്‍, 29 ജൂണ്‍ 2015 (18:48 IST)
പ്രിയങ്ക ഗാന്ധിക്കെതിരെ ഹിമാചല്‍ പ്രദേശിലെ വിവരാവകാശ കമ്മീഷന്‍ രംഗത്ത്. ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഭൂമിയെക്കുറിച്ച് വിവരങ്ങള്‍ ആരാഞ്ഞ കമ്മീഷന് പ്രിയങ്ക വിവരങ്ങള്‍ കൈമാറിയില്ലെന്നാണ് പരാതി.
 
വിവരാവകാശ പ്രവര്‍ത്തകനായ ദേബാശിഷ് ഭട്ടാചാര്യ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനാണ് ഭൂമിയിടപാടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രിയങ്കയോട് ആരാഞ്ഞത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷിംലയിലെ ഭൂമി പ്രിയങ്ക സ്വന്തമാക്കിയത്.
 
എന്നാല്‍, ഭൂമിയെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ പ്രിയങ്ക തയാറായില്ലെന്നാണ് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പറയുന്നത്. പ്രിയങ്കയുടെ ഭൂമി ഇടപാട് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വിവരാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
 
അതേസമയം, സുരക്ഷ കാരണങ്ങളാല്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ മുഖേന ഹിമാചല്‍ സര്‍ക്കാരിനെ പ്രിയങ്ക അറിയിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക