പ്രധാനമന്ത്രി നരേന്ദ്ര മോഡി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ലണ്ടനില്‍ എത്തി

Webdunia
വ്യാഴം, 12 നവം‌ബര്‍ 2015 (16:33 IST)
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ലണ്ടനിലെത്തി. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മന്ത്രിമാരായ ഹ്യുഗോ സ്വൈര്‍, പ്രിതി പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. താന്‍ ലണ്ടനില്‍ എത്തിയതായി പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടില്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു.
 
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി, ലണ്ടന്‍ പാര്‍ലമെന്റ് സ്ക്വയറിലെ ഗാന്ധി പ്രതിമ ഇന്ന് സന്ദര്‍ശിക്കും. വെള്ളിയാഴ്‌ച ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു പ്രസംഗിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും എലിസബത്ത് രാജ്‌ഞിയുമായും മോഡി കൂടിക്കാഴ്‌ച നടത്തും.
 
ഡേവിഡ് കാമറോണുമായി മോഡി ചർച്ച നടത്തും. പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, ഊർജം, കാലാവസ്ഥാമാറ്റം തുടങ്ങിയവ സംബന്ധിച്ച സഹകരണ രേഖകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്‌ക്കും. തുടര്‍ന്നു ബക്കിംഗ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിക്കൊപ്പം വിരുന്നില്‍ പങ്കെടുക്കും.
 
ശനിയാഴ്ച വരെ ബ്രിട്ടണിൽ തുടരുന്ന അദ്ദേഹം തുടർന്ന് ജി – 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തുർക്കിയിലേക്ക് പോകും. 15, 16 തീയതികളിലാണ് ഉച്ചകോടി.