യെമനിൽ കാണാതായ മലയാളി വൈദികനെ ഐ എസ് ഭീകരർ തട്ടിക്കൊണ്ടുപോയതാണെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. മാർച്ച് നാലിന് യെമനിലെ മിഷണറീസ് ഓഫ് ചാരിറ്റി ഹോമിൽ ഉണ്ടായ ആക്രമണത്തിലാണ് വൈദികനായ ടോം ഉഴുന്നാലിനെ(56) കാണാതാകുന്നത്.
ആക്രമണത്തെത്തുടർന്ന് വൈദികനെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടത് ഇപ്പോഴാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ആക്രമണത്തിൽ കന്യാസ്ത്രീകളടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോയ വൈദികനെ വെള്ളിയാഴ്ച കുരിശിലേറ്റാൻ ഭീകരർ തീരുമനിച്ചുവെന്നും വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണ് ഐ എസ് ഭീകരരാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് സർക്കാർ സ്ഥിരീകരിച്ചത്.