ഗര്‍ഭ പരിശോധന നല്ലകാര്യം, വിവാദമാക്കേണ്ടതില്ല: മേരികോം

ശനി, 8 നവം‌ബര്‍ 2014 (10:45 IST)
അവിവാഹിതകളായ ബോക്സിംഗ് താരങ്ങളെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് പിന്തുണയുമായി പ്രമുഖ താരം മേരികോം രംഗത്തെത്തി. വനിതാ ബോക്സര്‍മാരുടെ സുരക്ഷയ്ക്ക് ഗര്‍ഭപരിശോധന നല്ലതാണെന്ന് മേരികോം അഭിപ്രായപ്പെട്ടു. അടുത്തയാഴ്ച കൊറിയയില്‍ നടക്കുന്ന ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന അവിവാഹിതകള്‍ ഉള്‍പ്പെടെ എട്ടു പേരെ ബോക്‌സിംഗ് ഇന്ത്യ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കിയത് ഏറെ വിവാദമായിരുന്നു.

ഇതേ തുടര്‍ന്നാണ് നിലപാടുമായി മേരി കോം രംഗത്തെത്തിയത്. വനിതാ ബോക്സര്‍മാരുടെ സുരക്ഷയ്ക്കായാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് പറഞ്ഞ മേരി കോം താനും ഇത്തരം പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട് എന്നും അറിയിച്ചു.  ബോക്സിംഗ് അസോസിയേഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇത്തരം പരിശോധനകള്‍ നടത്തുന്നത്. ഇത് ലോകത്താകമാനം ചെയ്യുന്ന കാര്യമാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം കൂടുതല്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അടുത്തയാഴ്ച കൊറിയയില്‍ ആരംഭിക്കുന്ന ലോക ബോക്സിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എട്ടു ഇന്ത്യന്‍ വനിതാ ബോക്സര്‍മാരെ ഗര്‍ഭപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവിവാഹിതകളായ താരങ്ങളെ ഇത്തരം പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ് വിവാദമായി മാറിയത്. അഖിലേന്ത്യാ ബോക്‌സിംഗ് അസോസിയേഷന്റെ നിയമമനുസരിച്ച് മത്സരാര്ത്ഥികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം ഗര്‍ഭിണിയല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. ഇതിനു വിരുദ്ധമായാണ് താരങ്ങളെ ഗര്‍ഭപരിശോധനക്ക് വിധേയമാക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക