കെജ്രിവാളിനെ വിമര്‍ശിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്ത് പോകും: പ്രശാന്ത് ഭൂഷണ്‍

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (20:08 IST)
അരവിന്ദ്‌ കെജ്രിവാളിനെ വിമര്‍ശിക്കുന്നവര്‍ ആം ആദ്‌മി പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താകുമെന്നും അദ്ദേഹത്തിന്റെ നിലപാടുകളോട്‌ യോജിച്ച്‌ പോകുന്നവര്‍ക്ക്‌ മാത്രമാണ്‌ പാര്‍ട്ടിയില്‍ സ്‌ഥാനമെന്നും എഎപി സ്‌ഥാപക നേതാവായ പ്രശാന്ത്‌ ഭൂഷണ്‍. എഎപി സ്‌ഥാപക നേതാക്കളായ പ്രശാന്ത്‌ ഭൂഷന്‍, യേഗേന്ദ്ര യാദവ്‌ എന്നിവര്‍ക്കെതിരെ ശനിയാഴ്ച അച്ചടക്ക നടപടി എടുത്തിരുന്നു. ഇതിനൊടുള്ള പ്രതികരണമായിരുന്നു പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങളൊട് പറഞ്ഞത്.

പ്രശാന്ത്‌ ഭൂഷനെതിരെയും യേഗേന്ദ്ര യാദവിനെതിരെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച്‌ കെജ്രിവാള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യത്തിനെതിരെയും ഭൂഷണ്‍ രംഗത്ത് വന്നു. പാര്‍ട്ടിയുടെ ഔദ്യോഗിക വിഭാഗം പുറത്തുവിട്ട് ഈ വീഡിയോ എഡിറ്റു ചെയ്‌തതാണെന്ന്‌ പ്രശാന്ത്‌ ഭൂഷന്‍ ആരോപിച്ചത്.പാര്‍ട്ടി എം.എല്‍.എമാര്‍ പ്രതിഷേധിക്കുന്ന ഭാഗങ്ങള്‍ എഡിറ്റു ചെയ്‌ത ശേഷമാണ്‌ വീഡിയോ പുറത്തുവിട്ടതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്.

പാര്‍ട്ടിയുടെ ആഭ്യന്തര ലോക്‌പാല്‍ അഡ്‌മിറല്‍ രാംദാസിനെ നാഷ്‌ണല്‍ എക്‌സിക്യൂട്ടീവില്‍ പങ്കെടുപ്പിക്കാത്തതിനെതിരെയും പ്രശാന്ത്‌ ഭൂക്ഷണ്‍ വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹത്തെ പിന്നീട്‌ ലോക്‌പാല്‍ സ്‌ഥാനത്ത്‌ നിന്ന്‌ പുറത്താക്കുകയായിരുന്നു. പാര്‍ട്ടിയില്‍ വിമത നീക്കം നടത്തിയെന്നാരോപിച്ചാണ് പ്രശാന്ത് ഭൂഷണേയും മറ്റുള്ളവരേയും പുറത്താക്കിയത്.